തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ നോട്ടീസ് അയക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥ് നിർദ്ദേശം നൽകി. നിയമിക്കേണ്ട ആളുകളുടെ പട്ടിക തേടി സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയക്കുക വഴി ആര്യ രാജേന്ദ്രൻ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്ന പരാതിയിൽ ആണ് നോട്ടീസ് അയക്കാൻ നിർദ്ദേശം. ഇന്ന് ഓംബുഡ്സമാൻ നോട്ടീസ് നൽകുമെന്നാണ് വിവരം.
ഓംബുഡ്സമാന്റെ നോട്ടീസിൽ ആര്യ രാജേന്ദ്രൻ അന്വേഷണം നേരിട്ടേക്കും. തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയക്കാനാണ് നിർദ്ദേശം. സുധീർ ഷാ എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. മേയറും സെക്രട്ടറിയും നവംബർ 20ന് മുമ്പ് രേഖാമൂലം മറുപടി നൽകണമെന്ന് ഓംബുഡ്സമാൻ ആവശ്യപ്പെട്ടു. പരാതിക്കാരായ എല്ലാ കക്ഷികളോടും ഡിസംബർ രണ്ടിന് ഓൺലൈൻ സിറ്റിംഗിൽ ഹാജരാകാനും ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു. ഓംബുഡ്സ്മാന് ഒന്നുകിൽ പരാതിയിൽ തനിക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണത്തിന് ഉത്തരവിടാം.
അല്ലെങ്കിൽ സ്വയം അന്വേഷണം നടത്താം. ഇങ്ങനെ അന്വേഷണത്തിനായി എടുക്കുന്ന ഉദ്യോഗസ്ഥനെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ഓംബുഡ്സ്മാന്റെ സ്റ്റാഫായി പരിഗണിക്കും. മേയറും സെക്രട്ടറിയും നൽകിയ മറുപടി പരാതിക്കാരനുമായി പങ്കിടും.
അതേസമയം, കത്ത് വ്യാജമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. മേയറുടെ കത്ത് കണ്ടിട്ടില്ലെന്ന ആനാവൂര്‍ നാഗപ്പന്റെ മൊഴി വിശ്വാസത്തിലെടുത്താണ് ക്രൈംബ്രാഞ്ച് നടപടി. ചൊവ്വാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് നീക്കം. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആകും കേസെടുക്കുന്നത് അടക്കമുള്ള കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. വ്യാജ രേഖ ചമച്ചതില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് എസ് പി ഡിജിപിക്ക് ശുപാര്‍ശ നല്‍കും.