രാജ്യാന്തര വിമാനത്താവളത്തില്‍ കടുക് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 269 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി

കൊച്ചി: രാജ്യാന്തര വിമാനത്താവളത്തില്‍ കടുക് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 269 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കടുക് രൂപത്തിലാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു 12 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം. സംഭവവുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്ന് വന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

ലാപ്‌ടോപ്പിനകത്തും ചാര്‍ജറിനുള്ളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവും പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 679 ഇ_സിഗരറ്റുകളും നാല് ഐഫോണുകളും പിടിച്ചെടുത്തു. ഇവയ്ക്ക് 11 ലക്ഷം രൂപ വില വരും. കള്ളക്കടത്തിന് വിമാനത്താവളത്തില്‍ നാല് പേര്‍ ഇന്ന് അറസ്റ്റിലായി.

നെടുമ്പാശ്ശേരിയില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി ഏകദേശം മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്നുമെത്തിയ നിലമ്പൂര്‍ സ്വദേശി ജലാലുദീന്‍, ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്നും വന്ന തൃശൂര്‍ സ്വദേശി അനസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.