ഗവര്‍ണറെ അധിക്ഷേപിച്ച് ഫ്ളക്സ് വച്ച സംഭവത്തില്‍ എസ്എഫ്ഐയെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ ഗവര്‍ണറെ അധിക്ഷേപിച്ച് ഫ്ളക്സ് വച്ച സംഭവത്തില്‍ എസ്എഫ്ഐയെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കുട്ടികള്‍ പ്രതികരിക്കുന്നത് പ്രായത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കുട്ടികള്‍ക്ക് മുതിര്‍ന്നവരോളം പക്വത ഉണ്ടാകണമെന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കുട്ടികള്‍ക്ക് മുതിര്‍ന്നവരോളം തന്നെ പരിപക്വമായ രീതിയില്‍ കാര്യങ്ങള്‍ കാണാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല. ഞാനവിടെ ചെന്ന് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ പത്രക്കാര് എന്നോട് ചോദിച്ചപ്പോഴാണ് വിഷയം അറിയുന്നത്. അപ്പോള്‍ കുട്ടികളുടെ നേതാവായിട്ടുള്ള യൂണിയന്‍ ചെയര്‍മാനോട് അത് നീക്കം ചെയ്യാന്‍ പറഞ്ഞു. അപ്പോഴേക്കും കുട്ടികളത് നീക്കി. കുട്ടികള്‍ പ്രതികരിക്കുന്നത് അവരുടെ പ്രായത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണ്’ , മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

തിരുവനന്തപുരം സംസ്‌കൃത കോളേജിലാണ് ഗവര്‍ണറെ അധിക്ഷേപിച്ച് ബാനര്‍ സ്ഥാപിച്ചത്. ഗവര്‍ണറിന്റെ തന്തേടെ വകയല്ല രാജ്ഭവന്‍ എന്നായിരുന്നു ബാനറിലെ അധിക്ഷേപകരമായ വാചകങ്ങള്‍. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനോടും മറ്റ് അധികൃതരോടും വിശദീകരണം തേടാന്‍ രാജ്ഭവന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.