കേരളാ പോലീസിന്റെ അറസ്റ്റിനിടെ ബാഗിലുണ്ടായിരുന്ന 70000 രൂപ കാണാതായി,ഡിജിപിയ്ക്ക് പരാതി നൽകാനൊരുങ്ങി ദയാഭായി

തിരുവനന്തപുരം: കേരളാ പോലീസിൻറെ മോശം പ്രവർത്തനത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ദയാഭായി.കാസർകോട്ടെ എൻഡോസൾഫാൻ ബാധിതർക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ നിരാഹാര സമരത്തിലാണ് പോലീസിന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായത്.

സെക്രട്ടേറിയറ്റിന് മുമ്പിൽ നിന്നും പോലീസ് പിടിച്ചു മാറ്റുന്നതിനിടെ 70,000 രൂപ അടങ്ങുന്ന ബാഗ് നഷ്ടമായി. ബാഗ് പോലീസുകാര്‍ തിരിച്ചെൽപ്പിച്ചെങ്കിലും അതിൽ പണം ഉണ്ടായിരുന്നില്ല, ഇക്കാര്യം അവിടെ ഉണ്ടായിരുന്ന പോലീസിനെ ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം ഇരുന്നിട്ടു പോലും ഒരു ക്ഷീണവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴുള്ള മുട്ടിന്റെ വേദന ഭയങ്കരമാണ്.എൻഡോ സൾഫാൻ സമരത്തിൽ പങ്കെടുത്തതിന് പോലീസ് തന്ന സമ്മാനമാണ് ഇപ്പോൾ താൻ അനുഭവിക്കുന്ന മുട്ടിന്റെ വേദനയെന്നും ദയാഭായി പറയുന്നു.

പോലീസ് നിർബന്ധിച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നതിനിടെയിലാണ് വലത് കാലിന് പരിക്ക് പറ്റുന്നത്. അംബുലൻസിൽ പിടിച്ചുകയറ്റുന്നതിനിടെ എവിടെയെങ്കിലും ഇടിച്ചതാകാനാണ് സാധ്യത.എവിടെ ആണെന്ന് കൃത്യമായി ഓർമ്മയില്ല. ആശുപത്രിയിൽ എത്തിയത് മുതൽ‍ വേദനയായിരുന്നു. അന്ന് രാത്രി വേദനകൊണ്ട് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒന്ന് തിരിഞ്ഞ് കിടക്കാൻ പോലും അന്ന് കഴിഞ്ഞിരുന്നില്ല.

നിരാഹാര സമരത്തിൽ പങ്കെടുക്കുമ്പോൾ എന്നും ഡോക്ടർമാർ വന്നു പരിശോധന നടത്തുമായിരുന്നു. അവർ കുഴപ്പമില്ലെന്ന് പറയുമ്പോഴും പോലീസുകാർ നിർബന്ധിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുമായിരുന്നു. ഒരു ചടങ്ങ് എന്ന പോലെയാണ് പലപ്പോഴും പോയിരുന്നത്. ആദ്യം കൊണ്ട് പോയ ദിനം അൽപ നേരം ക്യാഷ്യാലിറ്റിയിൽ കിടത്തിയ ശേഷം പറഞ്ഞ് വിടുകയായിരുന്നു.

കുറച്ച് ദിവസം കാല് നിലത്ത് കുത്താൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. വീൽ ചെയറിലായിരുന്നു സഞ്ചാരം. ഇപ്പോള്‍ വടിയും കുത്തിയാണ് നടക്കുന്നത്. പരസഹായമില്ലാതെ 100 വയസ്സുവരെ ജീവിക്കുമെന്നാണ് എല്ലാവരും പറയാറ്. എന്നാൽ 82-ാമത്തെ വയസ്സിൽ ഇപ്പോൾ പരസഹായം ആവശ്യമായി വന്നിരിക്കുകയാണ്.ഇത് ഏറെപ്രയാസമാണ് സൃഷ്ടിക്കുന്നത്.

തിരിച്ച് സമരവേദിയിൽ എത്തിക്കാൻ പോലീസ് തയ്യാറായില്ല. ജനറൽ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു പോകാനുള്ള വഴിപോലും തനിക്ക് അറിയില്ലായിരുന്നു. ഭാഗ്യം കൊണ്ട് തന്നെ പരിചയമുള്ള ഒരാളെ അവിടെ കണ്ടെത്തുകയും സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിക്കുകയുമായിരുന്നു.

പോലീസിന്റെ ഭാഗത്തുന്നും ഉണ്ടായ പ്രയാസങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ദയാഭായി. തനിക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം ഉണ്ടാകണം. നഷ്ടപരിഹാരം ലഭിക്കണം. അത് എൻഡോസൾഫാൻ ബാധിതര്‍ക്ക് നൽകുമെന്നും ദയാഭായി വ്യക്തമാക്കി.