കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം: പ്രതികൾ പിടിയിൽ, യുവതി ആശുപത്രിയിൽ ചികിത്സയിൽ

കൊച്ചി: കേരളത്തിന് നാണക്കേടുണ്ടാക്കി, ഓടുന്ന കാറില്‍വെച്ച് മോഡലിനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവതിയുടെ കൂടെയുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനി വാഹനത്തില്‍ കയറാതെ മനപൂര്‍വ്വം ഒഴിഞ്ഞ് മാറിയെന്ന് പൊലീസ്. ഇവരെ കണ്ടെത്തി അന്വേഷണം നടത്തിയപ്പോളാണ് യുവാക്കളെക്കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചത്. പ്രതികളെക്കുറിച്ചുളള അന്വേഷണത്തില്‍ ഇവര്‍ ബാറില്‍ നല്‍കിയ വിലാസം തെറ്റാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍കൂടി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലായത്. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നഗരത്തിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം എട്ടുമണിയോടെയാണ് മോഡലായ യുവതി എത്തിയത്. പത്ത് മണിയോടെ യുവതി ബാറില്‍ കുഴഞ്ഞു വീണു. ഇവരെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കള്‍ കാറില്‍ കയറ്റി. എന്നാല്‍ യുവതിയുടെ കൂടെയുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനി വാഹനത്തില്‍ കയറാതെ മനപൂര്‍വ്വം ഒഴിഞ്ഞ് മാറി.

തുടര്‍ന്ന്, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കിവിടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. രാവിലെ യുവതിയുടെ സുഹൃത്താണ് പൊലീസില്‍ വിവരം അറിയിച്ചത്. ആദ്യം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.