ശബരിമല : അപ്പം-അരവണ വിതരണം പരാതി രഹിതമാക്കും; ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ

ശബരിമലയിൽ അപ്പം അരവണ പ്രസാദ വിതരണം പരാതി രഹിതമാക്കാൻ ഇക്കുറി വിപുലമായ ക്രമീകരണം. 16 ലക്ഷം ടിൻ അരവണയുടെയും 4 ലക്ഷത്തോളം അപ്പത്തിന്റെയും കരുതൽ സ്റ്റോക്ക് നിലവിലുണ്ട് അപ്പം -അരവണ വിതരണത്തിൻ്റെ പേരിൽ പലപ്പോഴും ദേവസ്വം ബോർഡ് പഴി കേട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ കൃത്യമായ മുന്നൊരുക്കങ്ങളാണ് ബോർഡ് നടത്തിയിട്ടുള്ളത്.

മതിയായ സ്റ്റോക്ക് ഉള്ളതിനാൽ തീർഥാടകർക്ക് പരിധി ഇല്ലാതെ അപ്പം അരവണ പ്രസാദം വാങ്ങാൻ സാധിക്കുന്നു. മണ്ഡല തീർഥാടനത്തിന് വൻ ഭക്തജന തിരക്ക് പരിഗണിച്ച് തന്നെ അപ്പം അരവണ നിർമ്മാണം ഓക്ടോബറിൽ തന്നെ ആരംഭിച്ചിരുന്നു. നിലവിൽ 24 മണിക്കൂറും നിർമാണം പുരോഗമിക്കുകയാണ്.

സന്നിധാനത്തും മാളികപ്പുറത്തുള്ള പ്ലാന്റിൽ ഒരു ഷിഫ്റ്റിൽ ഒരേ സമയം 70 പേരുണ്ടാകും. ഒരു ദിവസം 100 കൂട്ട് മാവിന്റെ അപ്പം തയ്യാറാക്കും. ഒരു കൂട്ടിൽ നിന്ന് 846 പാക്കറ്റ് അപ്പമുണ്ടാക്കുമെനാണ് കണക്ക്. 256 ദേവസ്വം ജീവനക്കാരും 239 കരാർ തൊഴിലാളികളും നിർമാണത്തിനും വിതരണത്തിനുമായുണ്ട്.