ചൂടു ചായ ഇനി പൊളളും; ഡിസംബർ ഒന്നു മുതൽ മിൽമ പാൽ വില ലിറ്ററിന് 6 രൂപ കൂടും

തിരുവനന്തപുരം: ഡിസംബർ ഒന്ന് മുതൽ മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും. മന്ത്രി ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയുമായി നടത്തിയ ചർച്ചയിലാണ് വില വർദ്ധന സംബന്ധിച്ച് തീരുമാനമായത്. വില വർദ്ധന ഉടനടി നടപ്പാക്കാനാണ് മിൽമ ആലോചിച്ചത്. എന്നാൽ വിലവർദ്ധന സംബന്ധിച്ച സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ഭരണസമിതി യോഗം ചേർന്ന് ഡിസംബർ ഒന്ന് മുതൽ വില വർദ്ധന നടപ്പാക്കുമെന്നാണ് സൂചന.

നേരത്തെ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.

സംഭരണ വില എന്നത് 37.76 രൂപ ആയതിനാല്‍ വലിയ നഷ്ടം കര്‍ഷകര്‍ നേരിടുന്നു. ഒന്‍പത് രൂപയോളം നഷ്ടം നേരിടുമെന്നതിനാല്‍ വര്‍ധന അനിവാര്യമാണെന്നാണ് ശുപാര്‍ശ. 5 രൂപയില്‍ കുറയാത്ത വര്‍ധനയുണ്ടാകുമെന്ന സൂചന മന്ത്രി ചിഞ്ചുറാണി നേരത്തെ നല്‍കിയിരുന്നു.