ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇനി അത്തരം ചേഷ്ട കാണിക്കരുത്; പൊലീസ്‌ മുന്നറിയിപ്പ്

കൊച്ചി∙ എച്ച്എംടിയിലും പരിസരങ്ങളിലും മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് കളമശേരി പൊലീസിന്റെ മുന്നറിയിപ്പ്. കടകളിലും സമീപപ്രദേശങ്ങളിലും മറ്റും കമിതാക്കളുടെ പരസ്യപ്രണയപ്രകടനങ്ങൾ ബുദ്ധിമുട്ടാകുന്നുവെന്നു നാട്ടുകാർ പരാതിപ്പെട്ടതിനാലാണ് മുന്നറിയിപ്പെന്ന് പൊലീസ് പതിച്ച നോട്ടിസിൽ‌ പറയുന്നു.

ജോടികളായെത്തുന്ന കൗമാരക്കാരും യുവതീയുവാക്കളും ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതൽ സന്ധ്യകഴിയുംവരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികൾ ശല്യമാകുന്നെന്നും പ്രദേശവാസികളും പറയുന്നു. വൈകുന്നേരങ്ങളിൽ വയോധികർക്കു വന്നിരിക്കാൻ പോളി ടെക്നിക്കിനു സമീപം റസിഡൻസ് അസോസിയേഷൻ ഒരു പാർക്ക് സ്ഥാപിച്ചിരുന്നു. അവിടവും ഇത്തരക്കാർ താവളമാക്കിയതോടെ പ്രായമായവർക്കും കുട്ടികൾക്കും നടന്നു പോകാൻ പോലും പറ്റാതായെന്നും തുടർന്ന് അസോസിയേഷൻ തന്നെ പാർക്ക് ഇല്ലാതാക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇതിനിടെ ഒരു റെസിഡൻസ് അസോസിയേഷൻ പ്രദേശത്ത് 30 ലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. പാർക്ക് ഇല്ലാതായതോടെ വഴിയോരവും കടകളുമൊക്കെ കമിതാക്കൾ താവളമാക്കാൻ തുടങ്ങിയെന്നും അവരുടെ പ്രവൃത്തികൾ അതിരുവിട്ടതോടെ അതുവഴി നടക്കുന്നതു പോലും ദുസ്സഹമായെന്നും പ്രദേശവാസികൾ പറയുന്നു. തുടർന്നാണ് പരാതിപ്പെട്ടത്. എച്ച്എംടി ജംക്‌ഷനു പരിസരിത്തുള്ള ചില സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് ഇവിടെ എത്തുന്നവരിൽ ഏറെയുമെന്നും ഇവരിൽ പലരും യൂണിഫോമിലാണ് എന്നതിനാൽ തിരിച്ചറിയാമെന്നും നാട്ടുകാർ പറയുന്നു.

നേരത്തേ ഇതേ സ്ഥലങ്ങളിൽ ലഹരിമാഫിയ തമ്പടിച്ചിരുന്നെങ്കിലും പൊലീസും നാട്ടുകാരും ഇടപെട്ടാണ് ഒതുക്കിയത്. പൊതുസ്ഥലത്തു സിഗരറ്റോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുന്നവർക്കെതിരെ ചാണക വെള്ളം തളിക്കുമെന്നു പോസ്റ്റർ പതിച്ചതു നേരത്തേ വാർത്തയായിരുന്നു.