കാർ വിൽപന കുതിക്കുന്നു, ഈ വർഷം 12.5% വളരും

ന്യൂഡൽഹി∙ ഇന്ത്യയിലെ ഈ വർഷത്തെ കാർ വിൽപന 12.5 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്. 2023ൽ 4ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കോവിഡിന് മുൻപ് 2018ലെ ഉയർന്ന വിൽപന നിലവാരത്തിലേക്ക് 2023ൽ വിപണി എത്തുമെന്നും വിലയിരുത്തപ്പെടുന്നു. ഏഷ്യാ പസിഫിക് മേഖലയിലെ കാർ വിൽപനയിൽ 2022ൽ 3.5ശതമാനം വളർച്ചയുണ്ടായി.

ഇന്ത്യയിലെയും ചൈനയിലെയും വിൽപനയാണ് ഇതിൽ നിർണായക സംഭാവന നൽകിയത്. ഉത്സവസീസണോട് അനുബന്ധിച്ച് കാർ വിപണിയിൽ മികച്ച വളർച്ച നേടാനായെന്ന് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് സൊസൈറ്റിയും റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബറിൽ മാത്രം 291,113 യൂണിറ്റ് കാർ ആണ് വിറ്റത്. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 60000 യൂണിറ്റ് അധികം. സെപ്റ്റംബറിൽ 307389 യൂണിറ്റ് വിറ്റു.