പദവി സേവനത്തിനുള്ള അവസരം’: ബംഗാൾ ഗവർണറായി ചുമതലയേൽക്കാൻ ആനന്ദബോസ്

കൊൽക്കത്ത∙ ബംഗാള്‍ ഗവര്‍ണറായി മലയാളി ഡോ. സി.വി.ആനന്ദബോസ് ഇന്ന് അധികാരമേല്‍ക്കും. രാവിലെ പത്തരയ്ക്ക് കൊല്‍ക്കത്ത രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം കൊല്‍ക്കത്തയിലെത്തിയത്. 2010 മുതല്‍ 2014 വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം.കെ.നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.

ഗവര്‍ണര്‍ പദവി അലങ്കാരമല്ല, സേവനത്തിനുള്ള അവസരമായാണ് കാണുന്നതെന്ന് ആനന്ദബോസ് പറഞ്ഞു. ഭരണത്തിന്‍റെ മുഖം, തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അത് മാനിക്കുന്നു. എന്നാല്‍ ഭരണഘടനയും നിയമവാഴ്ചയും മാനിക്കപ്പെടണമെന്നും ആനന്ദബോസ് പറഞ്ഞു.ചീഫ് സെക്രട്ടറി റാങ്കിലാണ് ആനന്ദബോസ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധസമിതി ചെയർമാനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേർന്നത്.