ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ജാവ ദ്വീപിലെ സിയാൻജുർ പട്ടണത്തെ ശവപ്പറമ്പാക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 271 ആയി. 40 പേരെ കാണാതായിട്ടുണ്ട്. പരുക്കേറ്റവർ 2043. ആശുപത്രികൾ നിറഞ്ഞതിനാൽ പുറത്തു ടെന്റുകളിലാണ് ചികിത്സ നൽകുന്നത്. ഭൂകമ്പത്തെ അതിജീവിച്ച 58,000 പേരെ ടെന്റുകളിലും മറ്റുമാണ് പാർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ 5.6 തീവ്രതയുള്ള ഭൂകമ്പത്തിൽ സിയാൻജുർ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത നാശമുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ 12,000 സൈനികരെ കൂടി നിയോഗിച്ചു. തുടർചലനങ്ങളും മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. രക്ഷാപ്രവർത്തകർ ഇനിയുമെത്താത്ത വിദൂര പ്രദേശങ്ങൾ ഏറെയാണ്.