​ഗുജറാത്തിൽ ഇലക്ഷൻ ഡ്യൂട്ടിക്കിടെ സിആർപിഎഫ് ജവാന്മാർ തമ്മിൽ ഏറ്റുമുട്ടി; രണ്ട് പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ഗാന്ധിനഗർ: ഗുജറാത്തിലെ പോർബന്ദറിനടുത്തുള്ള ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ജവാന്മാർ തമ്മിൽ ഏറ്റുമുട്ടി. ഒരു ജവാൻ തന്റെ രണ്ട് സഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) ഒരു ജവാൻ തന്റെ രണ്ട് സഹപ്രവർത്തകരെ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം സിആർപിഎഫ് ജവാന്മാർ തമ്മിൽ ഏറ്റുമുട്ടി രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മണിപ്പൂരിലെ സിആർപിഎഫ് ബറ്റാലിയനിൽ നിന്നുള്ള ജവാന്മാരാണ് ഏറ്റുമുട്ടിയത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സിആർപിഎഫ് സംഘത്തെ ഇവിടേക്ക് അയച്ചതെന്ന് പോർബന്തർ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എഎം ശർമ്മ പറഞ്ഞു. പോർബന്തറിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള തുക്ഡ ഗോസ ഗ്രാമത്തിലാണ് ഇവർ താമസിച്ചിരുന്നത്.ശനിയാഴ്ച വൈകുന്നേരം ചില പ്രശ്നങ്ങളുടെ പേരിൽ ഒരു ജവാൻ തന്റെ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. രണ്ട് ജവാൻമാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ജാംനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ വയറ്റിൽ വെടിയുണ്ട കയറി. മറ്റേയാളുടെ കാലിനും പരിക്കേറ്റു,” സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഇവർ തമ്മിൽ പ്രശ്നമുണ്ടായതിന്റെ കാരണം വ്യക്തമല്ലെന്നും കളക്ടർ അറിയിച്ചു.