മംഗളൂരു സ്ഫോടനക്കേസ്: പ്രതി വ്യാജ ഐഡിയിൽ മധുരയിൽ തങ്ങിയതായി റിപ്പോർട്ട്

മംഗളൂരു ഓട്ടോ റിക്ഷാ സ്ഫോടനക്കേസിലെ പ്രതിയായ മുഹമ്മദ് ഷാരിഖ് തമിഴ്നാട്ടിലെ മധുരയിൽ വ്യാജ ഐഡി ഉപയോഗിച്ച് താമസിച്ചിരുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരം കേസ് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കർണാടക അന്വേഷണ സംഘം മധുര സന്ദർശിച്ചപ്പോഴാണ് ഷാരിഖ് ദിവസങ്ങളായി ഇവിടെ താമസിച്ചിരുന്നതായി കണ്ടെത്തിയത്.മംഗളൂരു സ്ഫോടനക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ 10 അംഗങ്ങൾ മധുരയിലെ നേതാജി റോഡിലെ 50 ലോഡ്ജുകളും ഹോട്ടലുകളും സന്ദർശിച്ചിരുന്നു. നവംബർ ആദ്യവാരം നേതാജി റോഡിലെ ഒരു ഹോട്ടലിൽ ശാരിഖിന്റെ സെൽഫോൺ സിഗ്‌നൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നിന്നും 15 ദിവസത്തോളം ഷാരിഖ് ഇവിടെ തങ്ങിയിരുന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്. ഒപ്പം അന്വേഷണ സംഘം ഓട്ടോറിക്ഷ സ്റ്റാൻഡുകൾ പരിശോധിച്ച് നിരവധി ലോഡ്ജുകളിലെ അതിഥികളുടെ പട്ടികയും പരിശോധിച്ചിട്ടുണ്ട്. ഷാരിഖ് ചായ വിൽപനക്കാരന്റെ വ്യാജ ഐഡിയാണ് നഗരത്തിൽ തങ്ങാൻ ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിനിടയിൽ മംഗളൂരു സ്ഫോടനവും കോയമ്പത്തൂർ സ്ഫോടനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷിക്കണമെന്ന് മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ 19 ശനിയാഴ്ചയാണ് മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനും പൊള്ളലേറ്റിരുന്നു. ആദ്യം സാധാരണ അപകടമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് ഇതിന് ഭീകര ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. സ്ഫോടനത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് പ്രചോദനം നേടിയയാളാണ്. ഇയാള്‍ തീവ്രവാദ സംഘങ്ങളുമായി ദീര്‍ഘകാലമായി ബന്ധപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.