നെഹ്‌റു കുടുംബം ഇന്ത്യ നടന്നു പിടിക്കുമോ? രാഹുലിന്റെ യാത്ര അവസാനിക്കുന്ന അന്ന് മുതൽ പ്രിയങ്കയുടെ യാത്ര തുടങ്ങും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ യാത്രയുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും തെരുവുകളിലേക്ക്. രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് ശേഷം പ്രിയങ്കയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2023 ജനുവരി 26ന് തുടങ്ങി രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് മാര്‍ച്ച് 26ന് സമാപിക്കും.

റിപ്പബ്ലിക്ക് ദിനത്തില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ യാത്ര അവസാനിക്കുന്ന അതേ ദിവസം തന്നെ പ്രിയങ്കയുടെ യാത്ര ആരംഭിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്ക് ഉണര്‍വുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യാത്രയുടെ സ്വാധീനം ലോക്‌സഭ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വലിയ രീതിയില്‍ വര്‍ധിച്ചെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 3500 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരിലാണ് യാത്ര സമാപിക്കുന്നത്. ജനുവരി 26ന് യാത്ര അവസാനിച്ചതിന് ശേഷം ഫെബ്രുവരി ഏഴിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നടക്കും. ഈ സമ്മേളനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അദ്ധ്യക്ഷനായി അംഗീകരിക്കും. അതിന് ശേഷം പുതിയ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി നിലവില്‍ വരും