ഖത്തര്‍ ലോകകപ്പിൽ സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറിൽ

ദോഹ: ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറിൽ. ഏകപക്ഷീയമായി മൂന്ന് ഗോളിനാണ് ഇംഗ്ലണ്ട് സെനഗലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ സെനഗലിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ വല കുലുക്കാന്‍ ആഫ്രിക്കൻ ചാമ്പ്യന്മാർക്കായില്ല. സെനഗല്‍ ആക്രമണണങ്ങളെ ചെറുക്കുന്ന ഇംഗ്ലണ്ടിനെയാണ് മത്സരത്തിന്റെ തുടക്കത്തില്‍ കണ്ടത്.

ആദ്യ പകുതിയുടെ 38-ാം മിനിറ്റില്‍ ലഭിച്ച അവസരം ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തിച്ചു. ബെല്ലിംഗ്ഹാം നീട്ടി നല്‍കിയ പന്ത് ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ കൃത്യമായി സെനഗല്‍ വലയിലെത്തിച്ചു. അധിക സമയം വേണ്ടി വന്നില്ല, സൂപ്പര്‍ താരം ഹാരി കെയ്നിലൂടെ ഇംഗ്ലണ്ട് ലീഡുയർത്തി. ഫില്‍ ഫോഡന്‍ നല്‍കിയ പാസില്‍ കെയ്‌നിന്റെ അതി മനോഹരമായ ഫിനിഷിങ്.

ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് രണ്ട് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിക്കുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഇംഗ്ലണ്ട് 57-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ കണ്ടെത്തി. ഫില്‍ ഫോഡന്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ബോള്‍ ബുക്കായോ സാക്ക വലയിലെത്തിച്ചു. 65-ാം മിനിറ്റില്‍ സാക്കയെയും ഫോഡനേയും പിന്‍വലിച്ച് റാഷ്‌ഫോര്‍ഡിനെയും ഗ്രീലിഷിനെയും കൊണ്ടുവന്ന് സെനഗൽ ഗോൾ മുഖത്ത് ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടി.

ജയത്തോടെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ച ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സുമായി ഏറ്റുമുട്ടും. പോളണ്ടിനെ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടർ ബർത്തുറപ്പിച്ചത്. തീ പാറും പോരാട്ടത്തിനാകും ഞായറാഴ്ച്ച അല്‍ബയ്ത്ത് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.