നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍. മതസ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരെ മതപരിവര്‍ത്തനം ചെയ്യാനുള്ള അവകാശം ഉള്‍പ്പെടുന്നില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കൂടാതെ വിവാഹം വഴിയുള്ള മതപരിവര്‍ത്തനത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുന്ന സംസ്ഥാന നിയമത്തിന്റെ വ്യവസ്ഥയില്‍ ഹൈക്കോടതിയുടെ സ്റ്റേ നീക്കാന്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു.

2003 ലെ സംസ്ഥാന സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷന്‍ 5 ന്റെ പ്രവര്‍ത്തനം, ഗുജറാത്ത് ഹൈക്കോടതി 2021 ഓഗസ്റ്റ് 19, 26 തീയതികളിലെ ഉത്തരവുകളിലൂടെ സ്റ്റേ ചെയ്തിരുന്നു. ഇത് നീക്കം ചെയ്യാനാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തില്‍ മറ്റുള്ളവരെ ഒരു പ്രത്യേക മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള അവകാശം ഉള്‍പ്പെടുന്നില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.