വാഷിംഗ്ടൺ: ആഗോള പ്രശ്നങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അറിയാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉറ്റുനോക്കാറുണ്ടെന്ന് യുഎസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജോനാഥൻ ഫൈനർ. ഇന്ത്യ-യുഎസ് ബന്ധത്തിൽ ബൈഡൻ വലിയ സാധ്യതകൾ കാണുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ഫൈനർ വ്യക്തമാക്കി.
ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ചില കാര്യങ്ങളിൽ സമവായത്തിലെത്താൻ ബൈഡനെ സഹായിക്കുന്നതിൽ പ്രധാനമന്ത്രി മോദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും വഹിച്ച പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ സമവായം ഉണ്ടാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്കുവഹിച്ചു എന്നും ഫൈനർ പറഞ്ഞു.
റഷ്യയും യുഎസും അതിന്റെ സഖ്യകക്ഷികളും തമ്മിൽ സംഘർഷം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി മോദിയുടെ ‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന പ്രസ്താവന പ്രധാനപ്പെട്ട ഒരു വസ്തുതയായി ഉയർന്നുവന്നതെന്നും ഇന്ത്യ-യുഎസ് ബന്ധത്തെ സംബന്ധിച്ചിടത്തോളം 2023 നിർണായക വർഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം, ക്വാഡ് നേതൃത്വ ഉച്ചകോടി, സിഇഒമാർ തമ്മിലുള്ള സംഭാഷണം പുനരാരംഭിക്കൽ, 2+2 ഡയലോഗ് എന്നിവയ്‌ക്ക് യുഎസിന്റെ പിന്തുണ ഉണ്ടാകുമെന്നും ഇവയെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഫൈനർ പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യാ ഹൗസിൽ നടന്ന ഒരു പരിപാടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രതിനിധീകരിച്ച് പങ്കെടുക്കവെയാണ് ഫൈനർ ഇക്കാര്യം വ്യക്തമാക്കിയത്.