ചലച്ചിത്ര മേളയ്‌ക്കിടെ സംഘർഷം,കേസെടുത്തു് പോലീസ്

തിരുവനന്തപുരം: നൻപകൽ നേരത്തെ മയക്കം സിനിമയുടെ ആദ്യ പ്രദർശനത്തിനിടെ ഐഎഫ്എഫ് കെ വേദിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സ്വദേശി കിഷോർ, തൃശൂർ സ്വദേശി നിഹാരിക, കൊല്ലം സ്വദേശി മുഹമ്മദ് ഹനീൻ എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മൂന്നു പേർക്കും പാസ്സോ രേഖകളോ ഇല്ലായിരുന്നെന്നും പോലീസ് വ്യക്തമാക്കി. ഒപ്പം കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അന്യായമായി സംഘം ചേരൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് റിസർവ്വ് ചെയ്തവർക്ക് സീറ്റ് കിട്ടിയില്ല എന്നാരോപിച്ചാണ് ഐഎഫ്എഫ്കെ വേദിയിൽ സംഘർഷമുണ്ടായത്. ബുക്ക് ചെയ്തവർ തീയ്യേറ്ററിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ചു. സ്ഥലത്ത് ഡെലഗേറ്റുകൾ മുദ്രാവാക്യം വിളിക്കുകയും തടയാനെത്തിയ പോലീസുദ്യോ​ഗസ്ഥരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.