പ്രശസ്ത മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ.അജിത് അന്തരിച്ചു

കൊച്ചി:  കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ കെ.അജിത് അന്തരിച്ചു. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ ചെയ്തിട്ടുള്ള കെ അജിത് മലയാള ടെലിവിഷൻ വാർത്താ റിപ്പോർട്ടിങ്ങിൽ അസാമാന്യ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അൻപത്തിയാറ് വയസായിരുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും കെ.അജിത് പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ ആണ് താമസം.

മൃതദേഹം രാവിലെ എട്ടു മണി മുതൽ പത്തു മണിവരെ കാക്കനാട് മീഡിയ അക്കാദമി ക്യാമ്പസിൽ പൊതുദർശനത്തിന് വയ്ക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെൻ്ററിലും പൊതുദർശനമുണ്ടാകും. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ വച്ച് നടക്കും.