ന്യൂഡൽഹി ∙ ചരിത്രസ്മാരകമായ താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരം അടയ്ക്കാൻ നോട്ടിസ്. 1.5 ലക്ഷം രൂപയുടെ വസ്തുനികുതിയും അടയ്ക്കണമെന്നു കാട്ടി ആഗ്ര നഗരസഭയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു നോട്ടിസ് നൽകിയത്. കുടിശിക 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ വസ്തു കണ്ടുകെട്ടുമെന്നും നോട്ടിസിൽ പറയുന്നു.
എന്നാൽ, ചരിത്രസ്മാരകങ്ങൾക്കു വസ്തു നികുതി ബാധകമല്ലെന്നാണ് എഎസ്ഐ അധികൃതരുടെ വിശദീകരണം. വാണിജ്യ ആവശ്യത്തിനല്ല വെള്ളം ഉപയോഗിക്കുന്നതെന്നതിനാൽ വെള്ളക്കരം അടയ്ക്കാനും ചട്ടമില്ല. ‘താജ്മഹലിന്റെ പരിസരത്തെ പച്ചപ്പു നിലനിർത്താനാണു വെള്ളം ഉപയോഗിക്കുന്നത്. ഇതാദ്യമാണ് ഇത്തരമൊരു നോട്ടിസ്’ എഎസ്ഐ സൂപ്രണ്ട് രാജ് കുമാർ പട്ടേൽ പറഞ്ഞു.താജ്മഹൽ ഉൾപ്പെടുന്ന പ്രദേശത്തെ നികുതി വ്യവസ്ഥകൾ നിർണയിക്കാൻ സ്വകാര്യ കമ്പനിയെയാണ് ഏൽപിച്ചിരുന്നതെന്നും ഇവർ അയച്ചതാകാം നോട്ടിസെന്നുമാണു കോർപറേഷൻ അധികൃതർ പറയുന്നത്.