സുഹൃത്തുക്കളെ കോടീശ്വരന്മാരാക്കാനല്ല മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയത്. രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: സുഹൃത്തുക്കളെ സഹായിക്കുന്നത് നിര്‍ത്തി പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ പ്രധാനമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. ചൈനയില്‍ നിന്നുള്ള യുദ്ധഭീഷണിയെ ഇന്ത്യ അവഗണിക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

കേന്ദ്രസര്‍ക്കാര്‍ ആയിരത്തിലധികം രൂപ ഈടാക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടറിന് രാജസ്ഥാനില്‍ വില വെറും 500 ആണ്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഇടപെടലാണ് ഈ സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് ആശ്വാസമായത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തുടക്കം കുറിച്ച 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുന്ന പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് വര്‍ഷം തോറും 12 സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയുമെന്നും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളെന്നും രാഹുൽ പറഞ്ഞു

രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ”രാഹുല്‍ ഗാന്ധി സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ തുടരുകയാണ്. അതിര്‍ത്തി തര്‍ക്കത്തില്‍ 1963 മുതലുള്ള തെളിവുകള്‍ പുറത്തു വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് 38,0000 ചതുരശ്രകിലോമീറ്റര്‍ ഭൂമി ചൈനക്കാര്‍ കൈയടക്കിയെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്”  ഭാട്ടിയ പറഞ്ഞു. ചൈനയുമായി കോണ്‍ഗ്രസിന് ചില ബന്ധങ്ങളുണ്ടെന്നും ഭാട്ടിയ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഭാട്ടിയയെ കൂടാതെ മറ്റു ബിജെപി നേതാക്കളും രംഗത്തു വന്നു. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി. ബുധനാഴ്ചയോടെ യാത്ര ഹരിയാനയിലേക്ക് കടക്കും.