കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണി,ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ബൈജൂസ് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങുകയും അവരെ നിരന്തരം വിളിക്കുകയും കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു. ഇതില്‍ നടപടിയെടുക്കുകയും, ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് നല്‍കുകയും ചെയ്യും’ ദേശീയ ബാലാവകാശ കമ്മീഷൻ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ബൈജൂസിന്റെ സെയില്‍സ് ടീം തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോഴ്സ്‌കള്‍ വിറ്റഴിച്ചെന്ന പരാതിയില്‍ ഡിസംബര്‍ 23 ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനോട് നേരിട്ട് ഹാജരാകാൻ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു .ഉപഭോക്താക്കളോട് ലോണ്‍ എടുത്ത് കോഴ്‌സുകള്‍ വാങ്ങാൻ ബൈജൂസ് നിര്‍ബന്ധിക്കുന്നതായി നിരവധി മാതാപിതാക്കളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ പരാതിയില്‍ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

അടുത്തിടെ നടന്ന കമ്പനിയിലെ കൂട്ടപിരിച്ചുവിടലും വാര്‍ത്തയായിരുന്നു. 22 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയില്‍ നിന്ന് 2,500ഓളം ജീവനക്കാരെയാണ് പിരിച്ചു വിട്ടത്.ബൈജൂസിന് കീഴിലുള്ള ടോപ്പര്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവയിലെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കണ്ടന്റ് ഡിസൈന്‍ വിഭാഗങ്ങളിലെ ജോലിക്കാരെയാണ് പിരിച്ചുവിട്ടത്. എന്നാല്‍ 500ൽ താഴെ ജീവനക്കാരെ മാത്രമാണ് ഒഴിവാക്കുന്നതെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.