അതിശൈത്യത്തിൽ ജനജീവിതം മരവിച്ച് യുഎസ്; തണുത്തുറഞ്ഞ് നയാഗ്രയും

ന്യൂയോർക്ക് ∙ ശൈത്യക്കൊടുങ്കാറ്റ് വീശിയടിക്കുന്ന യുഎസിൽ, പ്രസിദ്ധമായ നയാഗ്ര വെള്ളച്ചാട്ടവും ഭാഗികമായി തണുത്തുറഞ്ഞു. പൂജ്യം ഡിഗ്രിക്കു താഴേക്കു താപനിലയെത്തിയതോടെ വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും മഞ്ഞുപാളികളായിമാറി. ഒഴുക്കു നിലച്ചിട്ടില്ല. അതിശൈത്യത്തിൽ ജനജീവിതം മരവിക്കുമ്പോഴും നയാഗ്രയുടെ അത്യപൂർവമായ ശൈത്യകാലദൃശ്യഭംഗി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനുമുൻപ് 1964 ലാണ് മഞ്ഞുകട്ടകൾ നയാഗ്രയുടെ ഒഴുക്കു തടസ്സപ്പെടുത്തിയത്. മഞ്ഞുകട്ടകൾ നദിയിലേക്കു വീഴുന്നതു തടയാൻ സ്റ്റീൽ, തടി, കേബിളുകൾ എന്നിവ ഉപയോഗിച്ച് ഐസ് ബൂം സംവിധാനമുണ്ട്. 1912 ഫെബ്രുവരി 4 ന് മഞ്ഞുപാളികൾ തകർന്ന് നദിയിൽ പതിച്ച് 3 പേർ മരിച്ചതോടെ അതിലൂടെ നടക്കുന്നത് നിരോധിച്ചിരുന്നു രാജ്യത്ത് ശീതക്കൊടുങ്കാറ്റിന്റെ ശക്തി ഇനിയും കുറഞ്ഞിട്ടില്ല. അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 60 കടന്നു. ബഫലോയിൽ മാത്രം 28 പേരാണു മരിച്ചത്. ഇവിടെ ഗതാഗത നിയന്ത്രണത്തിന് സൈനിക പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയിൽ വൈദ്യുതി വിതരണം പ്രതിസന്ധിയിലാണ്. ചൊവ്വാഴ്ച രാവിലെ മാത്രം 4,800 വിമാനസർവീസുകൾ റദ്ദാക്കി.