തിരുവനന്തപുരം: ഓട്ടോറിക്ഷ റിക്ഷ ഡ്രൈവർ ജയകുമാറിന്റെ മരണം ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഓട്ടോറിക്ഷ ആയിരുന്നു ജയകുമാറിന്റെയും കുടുംബത്തിന്റേയും വരുമാന മാർഗം.
ഓട്ടോ റിക്ഷ ഓടിച്ചായിരുന്നു ജയകുമാർ കുടുംബം പുലർത്തിയതും, മക്കളെ പഠിപ്പിച്ചതും ഒക്കെ. ഓട്ടോയോ ചുറ്റിപ്പറ്റി ജീവിതം മുന്നോട്ടു പോയിരുന്ന ജയകുമാറിന്റെ മരണവും ഓട്ടോറിക്ഷാ സ്റ്റാന്റിൽ വച്ചായിരുന്നു. വ്യാഴാഴ്ച പേട്ട ഓട്ടോറിക്ഷാ സ്റ്റാൻഡിൽ മറ്റൊരു ഡ്രൈവറുടെ അടിയേറ്റു ആണ് ജയകുമാർ മരിച്ചത്. മരിച്ച ജയകുമാറിനെക്കുറിച്ച് എല്ലാവർക്കും പറയാൻ നല്ല വാക്കു മാത്രം.സവാരിയെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ജയകുമാറിന് മറ്റൊരു ഓട്ടോ ഡ്രൈവറുടെ മർദനമേറ്റത്. സംഭവത്തിൽ കൈതമുക്ക് സ്വദേശി വിഷ്ണുവിനെതിരേ പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 35 വർഷമായി ആനയറ കുടവൂർ ഭാഗങ്ങളിലായി ഓട്ടോറിക്ഷ ഓടിച്ച് കഴിയുകയായിരുന്നു ജയകുമാർ. 2007ൽ ഹൃദ്രോഗത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കുറച്ചുകാലത്തെ വിശ്രമത്തിനു ശേഷം വീണ്ടും ഓട്ടോ ഓടിക്കാൻ തുടങ്ങി.പാൽക്കുളങ്ങര കവറടിക്കു സമീപത്താണ് ജയകുമാറിന്റെ കുടുംബവീട്. ജയകുമാറും കുടുംബവും വാടക വീട്ടിലായിരുന്നു താമസം. വാടക വീടുgകൾ മാറിമാറി താമസിക്കുകയാണ്. ആറുമാസം മുമ്പാണ് കുടവൂരിൽ താമസമാക്കിയത്. ജയകുമാർ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് മൂത്തമകൾ രേവതിയുടെ വിവാഹം നടത്തിയതും. ഇളയമകൾ ചിത്രയെ പഠിപ്പിച്ചതും വരുമാനത്തിൽ നിന്ന് മിച്ചം വെച്ചായിരുന്നു. ദുബായിൽ നഴ്‌സായി ജോലി നോക്കുന്ന ചിത്ര ശനിയാഴ്ച നാട്ടിലെത്തും. ഭാര്യ രമ വീട്ടമ്മയാണ്.