ന്യൂ ഇയര്‍ ആഘോഷിക്കാൻ ദുബായിലേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തി

ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ വര്‍ഷമെന്ന നിലയില്‍ സന്ദര്‍ശകരുടെ വലിയ ഒഴുക്കിനാണ് 2022ല്‍ ദുബായ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ ഡിസംബര്‍ വരെ ഏകദേശം 23.7 ദശലക്ഷം സഞ്ചാരികളാണ് ദുബായിലെത്തിയത്. കഴിഞ്ഞ വര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ റെക്കോഡ് വർദ്ധനയാണിത് . ഇത് 2021ലെ സന്ദര്‍ശകരുടെ കണക്കിനേക്കാൾ 89 ശതമാനം കൂടുതലാണിത്.

ആഗോള ടൂറിസ്റ്റുകളുടെ ഏറ്റവും വലിയ ഡെസ്റ്റിനേഷനുകളിലൊന്നായി ദുബായ് മാറി.അത്യാഢംബര ഹോട്ടലുകള്‍ക്കും മികച്ച റെസ്റ്റൊറന്റുകള്‍ക്കും വിനോദ പരിപാടികള്‍ക്കും പേരുകേട്ട നഗരം എന്ന നിലയില്‍ പുതുവത്സര രാവില്‍ മാത്രം 107,082 പേരെ ആകര്‍ഷിക്കാന്‍ ദുബായ്ക്ക് കഴിഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും ബിസിനസ്സ് ഹബ്ബ് എന്ന രീതിയിലുമുള്ള ദുബായിയുടെ വളര്‍ച്ചയും സന്ദര്‍ശകരുടെ ഒഴുക്കിന് കാരണമായി.

23.7 ദശലക്ഷം സന്ദര്‍ശകരില്‍ 21.8 ദശലക്ഷം പേരും വിമാനത്താവളങ്ങള്‍ വഴിയാണ് ദുബായിലെത്തിയത്. 1.6 ദശലക്ഷം പേര്‍ യുഎഇയ്ക്കും ഒമാനുമിടയിലുള്ള ഹത്ത ബോര്‍ഡര്‍ ക്രോസിംഗ് വഴിയും 242,700 പേര്‍ തുറമുഖങ്ങള്‍ വഴിയുമാണ് എത്തിയതെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ലണ്ടനിലെ ഹീത്രൂ പോലുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ വരവേറ്റ എയര്‍പോര്‍ട്ടായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മാറിയെന്ന് കണക്കുകള്‍ പറയുന്നു. ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടിനേക്കാള്‍ 10 ലക്ഷത്തിലധികം യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്.

യാത്രക്കാരുടെയും സന്ദര്‍ശകരുടെയും വിനോദ സഞ്ചാരികളുടയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ദുബായ് ഭരണകൂടം എടുത്ത സുരക്ഷാ നടപടികള്‍, തണുത്ത കാലാവസ്ഥ, എണ്ണിയാലൊടുങ്ങാത്ത മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാന്നിധ്യം, കോവിഡ് കാരണമുള്ള രണ്ട് വര്‍ഷത്തെ ലോക്ക്ഡൗണിന് ശേഷം യാത്ര ചെയ്യാനുള്ള ആളുകളുടെ ആഗ്രഹം എന്നിവയാണ് ദുബായിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിച്ച ഘടകങ്ങളെന്ന് ദുബായ് എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.

കോവിഡിന് ശേഷം പല യൂറോപ്യന്‍ വിമാനത്താവളങ്ങളും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയും യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുകയും ചെയ്ത സമയത്തായിരുന്നു രണ്ടര കോടിയോളം സന്ദര്‍ശകരെത്തിയത്ത്. ആഗോള ടൂറിസ്റ്റുകളുടെ ഏറ്റവും വലിയ ഡെസ്റ്റിനേഷനുകളിലൊന്നായി ദുബായ് നഗരം മാറിക്കഴിഞ്ഞു.ദുബായ് യാത്രയ്ക്ക് ഇപ്പോഴും വര്‍ധിച്ച ഡിമാന്റ് നിലനില്‍ക്കുന്നുണ്ടെന്നും അത് പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള സമീപനമാണ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിംഗ് ചീഫ് എക്സിക്യൂട്ടീവ് ഇസാം കാസിം പറഞ്ഞു.

കോവിഡാനന്തര കാലത്തെ യാത്രക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വിലകുറഞ്ഞ ഹോട്ടലുകളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ദുബായ് ടൂറിസം മേധാവി പറഞ്ഞു.