ഭീഷണിയെ തുടർന്ന് പഞ്ചാബിലുടനീളം ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയ്ക്ക് പ്രത്യക സുരക്ഷയൊരുക്കും

പഞ്ചാബ്: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ പഞ്ചാബ് പോലീസ് ഏർപ്പെടുത്തി.രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പ്രവേശിക്കുന്നത് തടയാന്‍ 100,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) പോലുള്ള ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നു. പഞ്ചാബില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് സംഘടന  വീഡിയോ സന്ദേശത്തിലൂടെ രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഹുല്‍ ജമ്മു കശ്മീരിലെത്തുമെന്നാണ് സൂചന. പാകിസ്ഥാന്‍ പിന്തുണയുള്ള സംഘടനകളുടെ ഭീകരാക്രമണങ്ങള്‍ താഴ്വരയില്‍ കൂടുന്ന സാഹചര്യത്തില്‍ രാഹുലിന്റെ ജമ്മു കാശ്മീരിലേക്കുള്ള പ്രവേശനം ആശങ്കാജനകമാണ്.  യാത്ര ജനുവരി 19ന് പത്താന്‍കോട്ടാണ് സമാപിക്കുന്നത്.കഴിഞ്ഞ മാസം ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഉണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കത്തിലൂടെ അറിയിച്ചിരുന്നു. സുരക്ഷയില്‍ പലതവണ വിട്ടുവീഴ്ചയുണ്ടായെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും രാഹുല്‍ ഗാന്ധിക്ക് ചുറ്റും ഒരു വലയം നിലനിര്‍ത്തുന്നതിലും ഡല്‍ഹി പോലീസ് പരാജയപ്പെട്ടെന്നും വേണുഗോപാല്‍ ആരോപിച്ചിരുന്നു.

പഞ്ചാബിലൂടെ രാഹുലിന്റെ പദയാത്ര എട്ട് ദിവസമാണ് കടന്നുപോകുക.ഭാരത് ജോഡോ യാത്ര സംസ്ഥാനത്തുട നീളം സുഗമമായി കടന്നുപോകുന്നതിന് ട്രാഫിക് പോലീസ് വിവിധ ചെക്ക് പോയിന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിന് ക്രമീകരണങ്ങള്‍ നടത്താൻ ജില്ലാ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. Z+ കാറ്റഗറി സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സുമായി (CRPF) സഹകരിച്ചാണ് പഞ്ചാബ് പോലീസ് ഏർപ്പാടുകൾ തയ്യാറാക്കിയിരിക്കുന്നത്.

എഡിജിപി എസ് എസ് ശ്രീവാസ്തവയാണ് ഈ യാത്രയുടെ മേല്‍നോട്ടത്തിന് നേതൃത്വം നൽകുന്നത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനും എല്ലാ ജില്ലകളിലേയും മുതിര്‍ന്ന പോലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും എഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും യാത്രയിലുടനീളം രാഹുലിനൊപ്പം ഉണ്ടാകും.സുരക്ഷാ ക്രമീകരണങ്ങള്‍ അറിയാൻ പഞ്ചാബ് പോലീസ് രാജസ്ഥാനിലേക്കും ഹരിയാനയിലേക്കും ടീമുകളെ അയച്ചിരുന്നു.