മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു.

ഗുരുഗ്രാം : സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യനില മോശമായതിനാൽ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുഗ്രമിലെ സ്വകാര്യ ആശുപത്രിയായ ഫോര്‍ട്ടിസിൽ വച്ചായിരുന്നു അന്ത്യം.മരണ വാര്‍ത്ത മകള്‍ സുഭാഷിണി ശരദ് യാദവ് സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.

1947 ജൂലൈ 1 ന് മധ്യപ്രദേശത് ഹോഷംഗബാദ് ജില്ലയിൽ ബാബായ് ഗ്രാമത്തിൽ നന്ദ് കിഷോർ യാദവിന്റേയും സുമിത്ര യാദവിന്റെയും മകനായിട്ടായിരുന്നു ജനനം. ജബൽപൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണനൊപ്പം പ്രവർത്തിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടത്.

33 വർഷം പാർലമെന്റ് അംഗമായിരുന്നു. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 99നും 2004-നും ഇടയില്‍ അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ശരദ് യാദവ് വ്യോമയാന, ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. 2003 ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ അദ്ദേഹം ദേശീയ പ്രസിഡന്റായിരുന്നു.

ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപീകരിക്കുകയും അതിനെ തുടർന്ന് രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. പിന്നീസ് ലോക് തന്ത്രിക് പാർട്ടിയെ ആർജെഡിയിൽ ലയിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി പ്രമുഖ നേതാക്കന്മാർ അനുശോചനം രേഖപ്പെടുത്തി.