കാക്കനാട് ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാൻ രാവിലെ മുതൽ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഒരുവശത്ത് ടെസ്റ്റിന് വേണ്ടിയുള്ള പരിശീലനം നടക്കുന്നു. ഇതിനിടയിൽ ഒരു എം80 സ്കൂട്ടർ ഓടിച്ചുകൊണ്ട് പരിശീലനം നടത്തുന്ന താരത്തെ ആരും തിരിച്ചറിഞ്ഞില്ല. പരിശോധനയ്ക്കായി നാട്ടിയിട്ടുള്ള കമ്പികൾക്കിടയിലൂടെ അനായാസം ‘എട്ട്’ എടുത്തു വന്ന യുവതി ഹെൽമെറ്റും മാസ്കും അഴിച്ചപ്പോഴാണ് ഗ്രൗണ്ടിലുണ്ടായിരുന്നവർ തിരിച്ചറിയുന്നത് . – ഓ… മഞ്ജു വാരിയർ!
എല്ലാവരുടെയും പരിശീലനവും ടെസ്റ്റും കഴിഞ്ഞ ശേഷമായിരുന്നു മഞ്ജു വാരിയരുടെ ഊഴം. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് സിനിമയിൽ നടൻ അജിത്തിനൊപ്പം ബൈക്ക് യാത്ര ചെയ്തപ്പോഴാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയത്. അങ്ങനെ ഇരുചക്രവാഹന ടെസ്റ്റിന് എറണാകുളം ആർ.ടി. ഓഫീസിൽ അപേക്ഷ നൽകി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എ. സ്റ്റാൻലി, കെ.എസ്. സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റ് നടപടികൾ പൂർത്തിയാക്കി.
എറണാകുളം ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് ടെസ്റ്റിന് വിളിച്ചുവരുത്തി. അവസാനത്തെ അപേക്ഷകനെയും വിട്ടയച്ച ശേഷമായിരുന്നു താരത്തിന്റെ എട്ട് എടുക്കൽ. അതുവരെ മഞ്ജു വാരിയർ കങ്ങരപ്പടിയിലുള്ള ഗ്രൗണ്ടിൽ എട്ട് എടുത്ത് പരിശീലിക്കുകയായിരുന്നു. നാലുചക്ര വാഹനം ഓടിക്കാനുള്ള ലൈസൻസ് മുൻപേ തന്നെ
തൃശ്ശൂർ ആർ.ടി.ഓഫീസിൽനിന്ന് മഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
എട്ട് പാസായി റോഡ് ടെസ്റ്റും ജയിച്ചതോടെ മഞ്ജുവിന് ലൈസൻസ് ഉറപ്പായി. ”ഇനി എനിക്ക് ബി.എം.ഡബ്ല്യു. ബൈക്ക് വാങ്ങാം, റോഡിലൂടെ ഓടിക്കാം’ – ടെസ്റ്റ് പാസായ സന്തോഷത്തിൽ മഞ്ജു വെഹിക്കിൾ ഇൻസ്പെക്ടർമാരോട് പറഞ്ഞു.