ഫെയ്സ്ബുക്ക് വഴി പരിചയം; വനിതാ സുഹൃത്തിന്റെ ഫോണ്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

പാലക്കാട് ∙ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വടക്കഞ്ചേരി സ്വദേശി ഷനാസിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം താരേക്കാടിനു സമീപത്തായിരുന്നു യുവതിയെ തടഞ്ഞ് നിര്‍ത്തി അതിക്രമം കാട്ടിയത്.

ഒരു വര്‍ഷം മുന്‍പാണ് വിവാഹിതയായ യുവതിയുമായി ഫെയ്സ്ബുക്കിലൂടെ ഷനാസ് സൗഹൃദം സ്ഥാപിക്കുന്നത്. പിന്നാലെ ഇരുവരും കൂടുതല്‍ അടുത്തു. പലപ്പോഴായി യുവതിയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഷനാസ് പണവും സ്വര്‍ണവും കൈക്കലാക്കി. പണം ആവശ്യപ്പെടുന്നത് പതിവാക്കിയപ്പോള്‍ ഷനാസുമായി യുവതി അകന്നു.ഈ സമയത്താണ് ഷനാസിന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചത്. ഇതോടെ യുവതി പൂര്‍ണമായും അകലം പാലിച്ചു. ഇതില്‍ പ്രകോപിതനായാണ് ഷനാസ് യുവതിയെ നിരന്തരം പിന്തുടര്‍ന്നത്.താരേക്കാടില്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെത്തി കഴിഞ്ഞ ദിവസം കാത്തുനിന്നു. യുവതിയെ കണ്ടയുടന്‍ തടസം നിന്ന് തര്‍ക്കമായി. ഇതിനിടയിലാണ് എണ്ണായിരം രൂപ വിലവരുന്ന യുവതിയുെട മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തത്. നോര്‍ത്ത് പൊലീസില്‍ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഷനാസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.