ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചം​ഗ സംഘം ഇനി ഭക്ഷ്യ സുരക്ഷയൊരുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയിലുണ്ടാകുന്ന വീഴ്ചകൾ തടയാൻ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണ‌‌‍‍ർ നേതൃത്വം നൽകുന്ന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, 2 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണുള്ളത്.

ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍, അവയുടെ ഉത്പാദക കേന്ദ്രങ്ങള്‍, വിപണന മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തി അവ നിർമ്മിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കണം. ഭക്ഷ്യവിഷബാധയുണ്ടായാല്‍ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടല്‍, അന്വേഷണം, റിപ്പോര്‍ട്ട് ചെയ്യല്‍, പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ എന്നിവയും ഇവരുടെ ചുമതലയാണ്.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍, വ്യാജ ഓര്‍ഗാനിക്ക് ഉത്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, വില്‍പന , ഹെല്‍ത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിര്‍മ്മാണ രീതികളെകുറിച്ചുള്ള അന്വേഷണം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ആവശ്യമായ നടപടികള്‍ എടുക്കുകയും വിവരങ്ങള്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളില്‍ ആവശ്യമായ അന്വേഷണവും നടപടിയും റിപ്പോര്‍ട്ടും നല്‍കുന്ന ജീവനക്കാര്‍ സ്വന്തം പ്രവര്‍ത്തനം അതീവ ഗൗരവത്തോടും കൂട്ടുത്തരവാദിത്വത്തോട് കൂടിയും രഹസ്യ സ്വഭാവത്തോട് കൂടിയും നിറവേറ്റണ്ടതാണ്. ഭക്ഷ്യ വിഷബാധയുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണം നടത്തുന്ന റിപ്പോര്‍ട്ടും കാലതാമസം വരാതെ തന്നെ കമ്മീഷണര്‍ ഓഫീസില്‍ വീഴ്ചയുണ്ടാകാതെ അയക്കേണ്ടതാണ്. 6 മാസത്തിലൊരിക്കല്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിൻ്റെ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതാണെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.