റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ 300 കോടി കടന്നിരിക്കുകയാണ് ‘പഠാൻ’.ഓപ്പണിങ് ദിനം തന്നെ 57 കോടി രൂപയാണ് ചിത്രം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ബഹിഷ്കരണാഹ്വാനങ്ങളെയും വിവാദങ്ങളെയുമെല്ലാം തള്ളിക്കളഞ്ഞാണ് ചിത്രം തീയേറ്ററുകളിൽ വമ്പിച്ച പ്രദർശ വിജയം നേടുന്നത്.അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ പഠാൻ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു.
ആക്ഷൻ രംഗങ്ങൾ കൊണ്ടും വിഎഫ്ക്സ് കൊണ്ടും സമ്പന്നമാണ് പഠാൻ. യഷ് രാജ് ഫിലിംസ് നിർമ്മിച്ച് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം മൂന്ന് ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടും ചിത്രം 313 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ദീപിക പദുക്കോൺ, ജോൺ എബ്രഹാം, സൽമാൻ ഖാൻ തുടങ്ങിയവരും ഷാരൂഖിനൊപ്പം ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
കങ്കണ, ആലിയ ഭട്ട്, കരൺ ജോഹർ, ഹൃത്വിക് റോഷൻ, അതുൽ കുൽക്കർണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ചിത്രത്തിന്റെ വിജയത്തിൽ കിങ് ഖാന്റെ വസതിയായ മന്നത്തിൽ വിജയാഘോഷങ്ങൾ നടക്കുന്നതായും ചിത്രത്തിലെ നായികയായ ദീപികയും ഭർത്താവും നടനുമായ രൺവീർ സിങും ഷാരൂഖിനെ മന്നത്തിലെത്തി സന്ദർശിതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തന്റെ ആരാധകരോട് സുരക്ഷിതരായി സിനിമ ആസ്വദിക്കാൻ ഷാരൂഖ് പറഞ്ഞു . ഷാരൂഖിന്റേതായി ഈ വർഷം റീലിസ് ചെയ്യുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളിൽ ആദ്യം റിലീസ് ചെയ്ത ചിത്രമാണ് പഠാൻ.
നാല് വർഷങ്ങൾക്ക് ശേഷമുള്ള ഷാരൂഖിന്റെ മടങ്ങി വരവിനെ ഏറെ ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.പഠാൻ തീയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ബോളിവുഡിന്റെ തലവര തന്നെ മാറ്റിയെഴുതാൻ പഠാന് കഴിയുമെന്ന് ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ പ്രേക്ഷകർക്കിടയിലും ആരാധകർക്കിടയിലും വിലയിരുത്തലുകൾ വന്നിരുന്നു. എന്തായാലും ഓരോ ദിവസം കഴിയുന്തോറും ഈ കണക്കുക്കൂട്ടലുകൾ വെറുതേയായില്ല എന്നാണ് പഠാന്റെ ബോക്സോഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.