പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തമിഴ്, തെലുങ്ക് , മലയാളം, കന്നട അടക്കം നിരവധി ഭാഷകളിൽ പാടിയിട്ടുള്ള വാണി ജയറാമിനെ സ്വപ്നം എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്.പരേതനായ ജയറാം ആണ് ഭർത്താവ്

തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതം പഠിച്ചത്.എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി.1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു നിരവധി പുരസ്കാരങ്ങൾ വാണിയെ തേടിയെത്തി.

മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പംഹിന്ദിയിൽ പാടിയിരുന്ന വാണി 1974-ൽ ചെന്നൈയിലേക്ക് താമസം മാറിയതോടെ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായി.മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് ,ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗത്ഭരായ സംഗീത സംവിധായകരുടെ സംഗീതത്തിൽ പാടി.

ഇക്കൊല്ലത്തെ പത്മഭൂഷൺ പുരസ്കരം ലഭിച്ചിരുന്നു. മികച്ച ഗായികക്കുള്ള ദേശിയ പുരസ്കാരം 3 തവണ നേടിയിട്ടുണ്ട്. 19 ഭാഷകളിൽ ഗാനം ആലപിച്ചിട്ടുണ്ട്.