കൈക്കൂലി,ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അറസ്റ്റിൽ

തൊടുപുഴ : മാനിന്റെ കൊമ്പ് കണ്ടെടുത്ത കേസ് ഒതുക്കി തീർക്കാൻ ക്വാർട്ടേഴ്സിൽ വെച്ച് ഒരു ലക്ഷം രൂപയും മദ്യവും കൈക്കൂലി മേടിച്ച തൊടുപുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ലിബിൻ ജോണിനെ വിജിലൻസ് സംഘം പിടികൂടി.തൊടുപുഴ സ്വദേശിയുടെ വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെടുത്ത കേസ് ഒതുക്കി തീർക്കുന്നതിനാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോട്ടയം ഈസ്റ്റേൺ റെയ്ഞ്ച് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ആണ് ലിബിനെ കുടുക്കിയത്.അറസ്റ്റ് ചെയ്ത റെയ്ഞ്ച് ഓഫീസറെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഓപ്പറേഷൻ കുബേരയുടെ ഭാഗമായി തൊടുപുഴ പോലീസ് പരാതിക്കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാൻകൊമ്പിന്റെ കഷണം കണ്ടെത്തി.തൊടുപുഴ പോലീസ് ഇത് ഫോറസ്റ്റിന് കൈമാറി.തൊടുപുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ പരാതിക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് ഒതുക്കി തീർത്ത് അറസ്റ്റ് ഒഴിവാക്കാമെന്നും അതിനായി ഒരു ലക്ഷം രൂപയും മദ്യവും വേണമെന്നും റെയ്ഞ്ച് ഓഫീസർ പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.

മുട്ടത്തുള്ള റെയ്ഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്സിൽ മദ്യം എത്തിച്ചപ്പോൾ ഒരു ലക്ഷം രൂപ കൂടി ഉടൻ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. കൈക്കൂലി തുക കുറയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപ തന്നെ വേണമെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ലിബിൻ നിർബന്ധം പിടിച്ചു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.