തിരുവണ്ണാമലൈ: തമിഴ് നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ നാല് എടിഎമ്മുകളിൽ ഗ്യാസ് വെൽഡിങ് മെഷീനുകൾ ഉപയോഗിച്ച് നടത്തിയ കവർച്ചയിൽ 86 ലക്ഷം രൂപ നഷ്ടമായി. പോലീസിന്റെ നൈറ്റ് പട്രോളിങ്ങിനിടെ എടിഎമ്മുകളിൽ സൂക്ഷിച്ചിരുന്ന ലോഗ് ബുക്കിൽ ഒപ്പിടാൻ എത്തിപ്പോഴാൾ ചെസ്റ്റ് ബോക്സുകൾക്ക് കേടുപാട് കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കവർച്ചാ വിവരം പുറത്തറിയുന്നത്.ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്.
.കടലൂർ- ചിറ്റൂർ റോഡിലുള്ള എസ്ബിഐയുടെ മൂന്ന് എടിഎമ്മുകളും ഇന്ത്യ വണ്ണിൻ്റെ ഒരു എടിഎമ്മുമാണ് കവർച്ചയ്ക്കിരയായത്.നാല് എടിഎമ്മുകളും 20 കിലോമീറ്ററിന് ഉള്ളിൽ സ്ഥിതി ചെയ്യുന്നവയാണ്.പണം കൈക്കലാക്കിയ ശേഷം മെഷീനുകൾക്കു തീയിട്ടാണ് കവർച്ചാ സംഘം മടങ്ങിയിരിക്കുന്നത്. തണ്ടാരംപേട്ട് മെയിൻ റോഡിലെ ബസ് സ്റ്റാൻഡിനു സമീപമുള്ള രണ്ടു എടിഎമ്മുകളിലും പൊലുർ ടൗണിലെ റെയിൽവേ സ്റ്റേഷനു സമീപമുള്ള എടിഎമ്മിലും കലാസപാക്കം ടൗണിനു സമീപമുള്ള ഗവ. ബോയ്സ് ഹൈസ്കൂളിനു സമീപമുള്ള എടിഎമ്മിലുമാണ് കവർച്ച നടന്നത്.
കലാസപാക്കത്തിലെ ഇന്ത്യ വൺ എടിഎമ്മിൽ ഒഴികെ മറ്റു മൂന്ന് എസ്ബിഐ എടിഎമ്മുകളിലും സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു. 30 ലക്ഷം രൂപ, 33 ലക്ഷം, 20 ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെ ആകെ എടിഎമ്മുകളിൽ നിക്ഷേപിച്ചിരുന്ന 86 ലക്ഷം രൂപയാണ് കവർച്ചാ സംഘം കൊണ്ടുപോയത്.