ഇങ്ങ് പാലക്കാട് വടക്കാഞ്ചേരിയിൽ നിന്നൊരു മലയാളി അങ്ങ് അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാകാൻ പോകുന്നു

പാലക്കാട്: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാകാനൊരുങ്ങുന്ന പാലക്കാട് വടക്കാഞ്ചേരിക്കാരനായ മലയാളി വിവേകിന് കടമ്പകളേറെയുണ്ടെങ്കിലും മത്സരിക്കാനുള്ള വിവേകിൻ്റെ തീരുമാനം കുടുംബത്തിൽ എല്ലാവർക്കും സന്തോഷവും ഏറെ അത്ഭുതവുമാണുണ്ടാക്കിയത്.അമേരിക്കൻ മലയാളി വിവേക് രാമസ്വാമിയുടെ അമേരിക്കൻ പ്രസിഡന്റെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിൽ ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ് പാലക്കാട് വടക്കാഞ്ചേരി അഗ്രഹാരവും.

വിവേകിൻ്റെ പിതാവ് രാമസ്വാമിയുടെ ജന്മനാടായ വടക്കാഞ്ചേരിയിൽ നിന്ന് 1974 ൽ മെക്കാനിക്കൽ എഞ്ചിനീയറായി രാമസ്വാമിയും ഭാര്യ ഗീതയും അമേരിക്കയിൽ കുടിയേറി.ഇവരുടെ മൂത്ത മകനായ വിവേകും രണ്ടാമത്തെ മകൻ ശങ്കറും ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്.പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന വിവേക് ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസ്റ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ്.വിവേകിൻ്റെ സഹോദരൻ ഡോ. ശങ്കർ അമേരിക്കയിൽ ബിസിനസ് രംഗത്താണ്‌.

വിവേകിന്റെ അച്ഛൻ രാമസ്വാമിയും അമ്മ ഗീതയും എല്ലാ വർഷവും നാട്ടിലെത്താറുണ്ട്.ഒന്നര മാസം മുൻപ് രാമസ്വാമിയും ഗീതയും പാലക്കാട് വന്ന് മടങ്ങിയതേയുള്ളു.വിവേകിൻ്റെ ഭാര്യ ഡോ. അപൂർവ്വ തിവാരി ഉത്തർപ്രദേശ് സ്വദേശിനിയാണ്. വിവാഹത്തിന് ശേഷം ഇരുവരും വടക്കഞ്ചേരിയിൽ വന്നിരുന്നു.2018 ലാണ് ഏറ്റവും ഒടുവിലായി എത്തിയത്.രാമസ്വാമിയുടെ സഹോദരങ്ങളായ ഡോ. രാമനാഥൻ, മോഹൻ, പ്രൊഫ. വൃന്ദ, ഇന്ദിര, ശോഭ തുടങ്ങിയവരും അമേരിക്കയിൽ സ്ഥിരതാമസമാണ്.രാമസ്വാമിയുടെ സഹോദരി ചന്ദ്ര സുബ്രഹ്മണ്യൻ മാത്രമാണ് വടക്കാഞ്ചേരിയിലുള്ളത്.

വിവേക് രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത് വലിയ സർപ്രൈസായെന്നും കടമ്പകളെല്ലാം മറികടക്കുമെന്നും കുടുംബാംഗമായ ജയശ്രീയും അഡ്വ. ഗണേശും പറഞ്ഞു.