കണ്ണൂര്‍: ഇന്നലെ രാത്രി കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയേയും പുലർച്ചെ നാലുമണിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.ഇവരെ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കും.
സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിൽ കാപ്പ ചുമത്തി മുഴക്കുന്ന് പോലീസാണ് അറസ്റ്റ് ചെയ്തത്.ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പോലീസ് റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ അറസ്റ്റിന് ഉത്തരവിടുകയായിരുന്നു.സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഷുഹൈബ് വധം എന്ന തരത്തിലുള്ള വിവാദമായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനുപിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്. ആകാശിന്റെ അറസ്റ്റിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്നാണ് റിപ്പോർട്ട്.
ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളും ജിജോയ്ക്കെതിരെ 23 കേസുകളുമാണുള്ളത്. ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പോലീസും ഡിവൈഎഫ്ഐ പ്രവർത്തകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിന് മട്ടന്നൂർ പോലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ കഴിഞ്ഞ ദിവസം ആകാശ് കോടതിയിൽ കീഴടങ്ങിയിരുന്നു. ആകാശ് ഉൾപ്പെടെയുള്ളവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.