വൈഗ 2023ന് സമാപനം ആകുകയാണ്

 കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ശൃംഖലയുടെ വികസനം എന്ന ആശയത്തിൽ ഫെബ്രുവരി 25 മുതൽ സംഘടിപ്പിച്ചു വന്ന വൈഗ 2023ന് സമാപനം ആകുകയാണ്. എന്നാൽ പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച കാർഷിക പ്രദർശനങ്ങൾ മാത്രമേ അവസാനിക്കുന്നുള്ളൂ. വൈഗയുടെ ഭാഗമായി സംഘടിപ്പിച്ച കാർഷിക മേഖലയിലെ അനവധി ഇടപെടലുകൾ കർഷകർക്കും സംരംഭകർക്കും നാളേക്ക് വഴികാട്ടിയാകുവാൻ, അവരെ കൈപിടിച്ചു നടത്തുവാൻ തുടർ നടപടികളിലൂടെ സജീവമാകും.  

o ജനപങ്കാളിത്തം കൊണ്ടും നവീന ആശയങ്ങൾ കൊണ്ടും ഏറ്റവും സമ്പുഷ്ടമായ കാർഷിക പ്രദർശനം.

o പ്രാദേശിക സാമ്പത്തിക വികസനത്തിൽ കാർഷിക സംരംഭങ്ങളുടെ പ്രസക്തി പ്രകടമാക്കിയ പ്രദർശനം

o 285 സ്റ്റാളുകളിലായി ഒരുക്കിയ വൈഗ കാർഷിക പ്രദർശനത്തിന് സമാപനം.

o 155 സൗജന്യ സ്റ്റാളുകൾ- കർഷകർക്കും സ്ഥാപനങ്ങൾക്കും.

o 100 നവീനവും വ്യത്യസ്തവുമായ കൊമേർഷ്യൽ സ്റ്റാളുകൾ

o മൂല്യവര്ധന മേഖലയിൽ കേരളത്തിന്റെ സാധ്യതകളുടെ നേർക്കാഴ്ച

o മൂല്യവർധിത മേഖലയിൽ മൂല്യവർധിത കാർഷിക മിഷന്റെ കടന്നു വരവ് വിളിച്ചോതിയ പ്രദർശനം.

o കേരൾ അഗ്രോ ബ്രാൻഡിന്റെ സജീവ സാന്നിധ്യവും വിപണനവും ഉറപ്പു വരുത്തിയ പ്രദർശനം.

o രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ച വൈഗ 2023

o ആറ് സംസ്ഥാന കൃഷിവകുപ്പ് മന്ത്രിമാരുടെ നേരിട്ടുള്ള സന്ദർശനം.

o ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പൂർണ്ണ പങ്കാളിത്തം

o സിക്കിം, അസം, കാശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ സജീവ സാന്നിധ്യം

o 30.15 കോടി രൂപയുടെ 50 പ്രൊജക്ടുകൾക്ക് രൂപം നൽകി വൈഗ ഡി പി ആർ ക്ലിനിക്ക്. 31 പ്രോജക്ടുകൾക്ക് ബാങ്ക് ധന സഹായം ഉറപ്പായി.

o 128 കരാറുകളിലായി 39.76 കോടി രൂപയുടെ ബിസിനസ്സ് ഒരുക്കി വൈഗ ബിസിനസ് മീറ്റ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വ്യാപാര വിപണന മേഖലയിൽ വ്യാപൃതരായ 133 കർഷകർ, സ്ഥാപനങ്ങൾ, കർഷക ഗ്രൂപ്പുകൾ തുടങ്ങിയവർ ഉല്പാദകരായി പങ്കെടുത്തു.

o കാർഷിക മേഖലയിൽ 101 പുത്തൻ ആശയങ്ങളിൽ നിന്നും 9 പ്രാവർത്തിക ആശയങ്ങൾ രൂപപ്പെടുത്തി വൈഗ അഗ്രി ഹാക്കത്തോണിന് സമാപനം.

o സെമിനാറുകളിൽ ദേശീയ അന്തർദേശീയ പ്രാഗൽഭ്യം നേടിയ 108 ഓളം പ്രഗത്ഭരുടെ സാന്നിധ്യവും അവരുമായി കർഷകർക്ക് ലഭ്യമായ ആശയ വിനിമയവും.

o സെമിനാറുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 5000 കർഷകരുടെ പങ്കാളിത്തം

30.15 കോടി രൂപയുടെ പ്രൊജക്ടുകൾക്ക് രൂപം നൽകി വൈഗ ഡി പി ആർ ക്ലിനിക്ക്

വൈഗ 2023ന്റെ ഭാഗമായി ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരം സമേതിയിൽ വച്ച് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത സംരംഭകരുടെ 50 സംരംഭകത്വ പ്രോജക്റ്റുകൾക്ക് രൂപരേഖയായി. 30.15 കോടി രൂപയുടെ പ്രോജക്ടുകൾക്കാണ് വിശദമായ രൂപരേഖയായത്.

ശാസ്ത്ര സാങ്കേതികവിദ്യയിലൂന്നിയ പ്രോജക്ടുകൾ ശാസ്ത്രജ്ഞർ, ധനകാര്യ വിദഗ്ധർ, എ.ഐ.എഫ് (കാർഷിക അടിസ്ഥാന സൗകര്യ നിധി) പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഇൻകുബേറ്റർ വിദഗ്ധർ, നബാർഡിൻ്റെ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ പ്രതിനിധികൾ തുടങ്ങിയവർ ഉൾപെട്ട വിദഗ്ധ പാനലിനു മുന്നിൽ ചർച്ചചെയ്ത് ഓരോ സംരംഭകർക്കും അവരവ രുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇണങ്ങുന്ന വിധമാണ് ഡി.പി.ആറുകൾ തയ്യാറാക്കുന്നതിന് ഫെബ്രുവരി പകുതിയോടെ തുടക്കം കുറിച്ചത്. ഇതിനുശേഷം കേരള കാർഷിക സർവകലാശാലയുമായി കൈകോർത്ത് കൊണ്ട് വെള്ളായണി കാർഷിക കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുമായി ചേർന്ന് സർവ്വകലാശാലയിലെ എക്കണോമിക്സ് വിഭാഗം അധ്യാപകരുടെ കൂട്ടായ മേൽനോട്ടത്തിൽ തുടർ പ്രവർത്തനങ്ങൾക്കായി ഡിപിആർ ലാബ് ആരംഭിച്ചത്. ഫെബ്രുവരി 18ന് തുടങ്ങിയ ലാബിന്റെ പ്രവർത്തനം ഫെബ്രുവരി 28 വരെ നീണ്ടു. മാർച്ച് ഒന്നാം തീയതി ഡിപിആർ ഫൈനലൈസേഷൻ ദിനത്തോടനുബന്ധിച്ച് ഇരുപതോളം വരുന്ന വിദഗ്ധ പാനലിസ്റ്റിന്റെ മുൻപാകെ നാളിതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും, ഡിപിആറിന്റെ കരട് രൂപം അവതരിപ്പിക്കുകയും ചെയ്തു. തുടർചർച്ചകൾക്കും കൂട്ടായ ആലോചനകൾക്കും തിരുത്തലുകൾക്കും ശേഷമാണ് ഡിപിആറിന്റെ അന്തിമ രൂപം ഉരുത്തിരിഞ്ഞത്.

പഴം പച്ചക്കറികൾ, അരിയുടെ വിവിധ ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ചക്ക, പൈനാപ്പിൾ, നാളികേരം തുടങ്ങിയ വിവിധ കാർഷിക വിളകളിൽ ആധിഷ്ഠിതമായ സംരംഭങ്ങളാണ് ഡിപിആർ ക്ലിനിക്കിൽ വന്നിട്ടുള്ളത്. 50 ഡിപി ആറുകളിൽ 6 നാളികേര സംരംഭങ്ങൾ, ഇൻപുട്ട് കസ്റ്റം ഹെയറിംഗ് സെന്ററുകൾ തുടങ്ങുന്ന ഒരു സംരംഭം, പഴം പച്ചക്കറി മേഖലയിൽ 27സംരംഭങ്ങൾ, 7 സുഗന്ധവ്യഞ്ജന സംരംഭങ്ങൾ, തേൻ മേഖലയിലെ രണ്ട് സംരംഭങ്ങൾ, ചെറു ധാന്യങ്ങൾക്കായി 4 സംരംഭങ്ങൾ, അരിയും അവയുടെ മൂല്യ വർദ്ധന വിനുമായി 3 സംരംഭങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 31 സംരംഭങ്ങൾക്കും ഇതിനകം തന്നെ കനറാ ബാങ്ക് വായ്പ നൽകുന്നതിനും തയ്യാറായി മുന്നിൽ വന്നിട്ടുണ്ട്.

39.76 കോടി രൂപയുടെ ഇൻറ്റന്റുകൾ ഒപ്പു വച്ച് വൈഗ ബിസിനസ് മീറ്റ്

കാർഷിക സംരംഭങ്ങൾക്ക് വേണ്ടിയും വ്യവസായ സംരംഭങ്ങൾക്ക് വേണ്ടിയും മുഖാമുഖം നടത്തുന്ന കേരളത്തിലെ ആദ്യത്തെ ബിസിനസ് (ബി2ബി) മീറ്റ് വൈഗ വേദിയിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചു. മീറ്റിൽ 39.76 കോടി രൂപയുടെ ഇൻഡന്റുകളാണ് ഒപ്പു വച്ചത്. ഇതിൽ ഇതിൽ എണ്ണ ഉൽപ്പന്നങ്ങൾ 1785.1 ലക്ഷം, സുഗന്ധവ്യഞ്ജനങ്ങൾ 998.39 ലക്ഷം, ധാന്യങ്ങളും ചെറു ധാന്യങ്ങളും 552.98 ലക്ഷം, പഴങ്ങൾ 312.10 ലക്ഷം, പച്ചക്കറികൾ 144.40 ലക്ഷം, തേനും ശർക്കര ഉൽപ്പന്നങ്ങളും 105.47 ലക്ഷം, കിഴങ്ങുവർഗങ്ങൾ 32.90 ലക്ഷം, കൂൺ ഉൽപ്പന്നങ്ങൾ 28.50 ലക്ഷം, ഔഷധസസ്യങ്ങൾ 8.24 ലക്ഷം, കശുവണ്ടി ഉൽപ്പന്നങ്ങൾ 7.85 ലക്ഷം എന്നിവ ഉൾപ്പെടും. കർഷകരുടെ ഉൽപ്പന്നങ്ങളെ കേരളത്തിലെ പ്രധാന റീട്ടെയിൽ വിപണന ശൃംഖലകളായ ലുലു ഗ്രൂപ്പ്, പോത്തീസ്, രാമചന്ദ്രൻ സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായി വ്യാപാരം ഉറപ്പിക്കാനും ഇതുവഴി സാധിച്ചു. മീറ്റിൽ പങ്കെടുത്ത പല സംരംഭകർക്കും ഭാവിയിൽ മാർക്കറ്റ് ഡിമാന്റനുസരിച്ച് ഉൽപന്നങ്ങൾ തയ്യാറാക്കുന്നതിനുള ഇൻഡന്റുകൾ ഒപ്പു വച്ചു.

കാർഷിക ഉത്പാദകർക്കും സംരംഭകർക്കും വ്യവസായികൾക്കും ഒത്തുചേരാനും സംവദിക്കാനുമായി സംഘടിപ്പിച്ച വേദിയിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വ്യാപാര വിപണന മേഖലയിൽ വ്യാപൃതരായ 133 കർഷകർ, സ്ഥാപനങ്ങൾ, കർഷക ഗ്രൂപ്പുകൾ തുടങ്ങിയവർ ഉല്പാദകരായി പങ്കെടുത്തു. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖരായ 90 സംരംഭകർ, വ്യവസായികൾ, എക്സ്പോർട്ടേഴ്സ് എന്നിവർ ബയേഴ്‌സ് ആയും പങ്കെടുത്തു.

കാർഷിക മേഖലയിൽ പുത്തൻ ആശയങ്ങളുമായി വൈഗ അഗ്രി ഹാക്കത്തോണിന് സമാപനം.

വൈഗ 2023 – നോടുനുബന്ധിച്ചു വെള്ളായണി കാർഷിക കോളേജിൽ ഫെബ്രുവരി 25, 26, 27 ദിവസങ്ങളിൽ നടത്തിയ “വൈഗ – അഗ്രി ഹാക്കത്തോൺ” സമാപിച്ചു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തുകയെന്നതായിരുന്നു ഹാക്കത്തോണിന്റെ പ്രധാന ലക്‌ഷ്യം. കൃഷി വകുപ്പ് തിരഞ്ഞെടുത്തു നൽകിയ പതിനഞ്ചു പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച 101 ടീമുകളിൽ നിന്നും പ്രാഥമിക വിലയിരുത്തലിലൂടെ തെരഞ്ഞെടുത്ത 30 ടീമുകളാണ് കാർഷിക കോളേജിൽ ഗ്രാന്റ്ഫിനാലയിൽ പങ്കെടുത്തത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത 17 ടീമുകൾക്ക് അവസാനഘട്ട പവർ ജഡ്ജ്മെന്റിൽ പ്രവേശിക്കാനായി. പ്രശ്നപരിഹാര മാർഗങ്ങൾ ഓപ്പൺ ഫോറത്തിന് മുൻപായി അവതരിപ്പിച്ചു. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് വൈവിധ്യമാർന്ന നൂതന ആശയങ്ങളും പരിഹാരമാർഗ്ഗങ്ങളുമാണ് അവതരിപ്പിക്കപ്പെട്ടത്. ജഡ്ജിങ്ങ് പാനലിനു പുറമേ ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാലാ പ്രധിനിധികൾ, മീഡിയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കോളേജ്, സ്റ്റാർട്ടപ്പ്, പൊതുവിഭാഗം എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. പവർ ജഡ്‌ജിമെന്റിൽ വിജയികളായവരുടെ ആശയങ്ങൾ കാർഷിക മേഖലക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോളേജ് വിഭാഗത്തിൽ ഒന്നാം സമ്മാനം ടീം മാക്സ് ക്യൂ (ഫോൺ: നവനീത് – 8281765037)വിനാണ് ലഭിച്ചത്. കാലാവസ്ഥയുടെ വിവിധ ഘടകങ്ങൾ പരിശോധിച്ച് മുഞ്ഞ ബാധ ഉണ്ടായേക്കാവുന്ന സാഹചര്യം മുൻകൂട്ടി കണ്ട് കർഷകർക്ക് മുന്നറിയിപ്പ് നൽകുന്നതിനും, റിമോട്ട് സെൻസിംഗ് ഇമേജുകൾ, ഡ്രോൺ ക്യാമറ എന്നിവ ഉപയോഗിച്ച് എടുക്കുന്ന നെൽപ്പാടങ്ങളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വിശകലനം ചെയ്തു മുഞ്ഞ (BPH) ന്റെ ആക്രമണത്തെക്കുറിച്ചുള്ള വിശദശാംശങ്ങളും, പ്രതിരോധ മാർഗ്ഗങ്ങളും കർഷകരെ അറിയിക്കുന്നതിനും രാസവളങ്ങളും, കീടനാശിനികളും ആവശ്യമായ സ്ഥലത്തും, അളവിലും പ്രയോഗിക്കുന്നതിനും സഹായകമായ സംവിധാനം തയ്യാറാക്കി. കീടബാധ പ്രതിരോധിക്കുന്നതിനും, കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ കൈകൊള്ളുന്നതിനും സാധിക്കുന്നത് വഴി, വിള സംരക്ഷണം, മെച്ചപ്പെട്ട വിളവ്, കൂടുതൽ ആദായം എന്നിവ കർഷകർക്ക് നേട്ടമുണ്ടാക്കും.

സ്റ്റാർട്ടപ്പ് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് ടീം ഫ്യൂസിലേജ്‌ ഇന്നോവേഷൻസാണ് (ഫോൺ: നിതിൻ ഗീവർഗീസ് – 8089898046). ഡ്രോണുകളുടെ സഹായത്തോടെ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തി പ്രതിരോധിക്കുന്നതിനുളള ആധുനിക സങ്കേതം. കൃഷിയിടങ്ങളിൽ എത്തുന്ന വിവിധയിനം വന്യമൃഗങ്ങളെ തിരിച്ചറിയുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ സ്ഥലവാസികൾക്കു അറിയിപ്പുകൾ നൽകുന്നതിനും, ഒപ്പം പ്രത്യേക തരം അൾട്രാസോണിക് ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ച് വിവിധയിനം വന്യമൃഗങ്ങളെ തുരത്തുന്നതിനുമുള്ള സങ്കേതം തയ്യാറാക്കി. കേരളത്തിലുടനീളം, വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിക്കും, മനുഷ്യനും നാശനഷ്ട മുണ്ടാകുന്ന സാഹചര്യത്തിൽ, ഫലപ്രദമാക്കാവുന്ന സ്വയം പ്രവർത്തിക്കുന്ന ആധുനിക സംവിധാനം കർഷകരുടെ ജീവനും കൃഷിക്കും ആശ്വാസമേകുന്നതാണ്.

പൊതു വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് ടീം കൊക്കോ ബോട്ട് (ഫോൺ: അഷിൻ പി കൃഷ്ണ – 9847429917) ആണ്. റോബോട്ടിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന, നാളികേരം വിളവെടുക്കുന്ന സംവിധാനം. ഏതു തരം തെങ്ങിൻ തടിയിലൂടെയും നീങ്ങി, തെങ്ങിന്റെ മണ്ടയിൽ എത്തി, നാളികേരം, നിറം എന്നിവ തിരിച്ചറിഞ്ഞു മൂപ്പെത്തിയ നാളികേരം മാത്രം റോബോട്ടിക് കൈ ഉപയോഗിച്ച് അടർത്തിയെടുക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗപ്പെടുത്തികൊണ്ടുള്ള വയർലസ് സംവിധാനം തയ്യാറാക്കി. നാളികേരം വിളവെടുക്കുന്നതിന്, തൊഴിലാളികളെ ലഭ്യമാകാത്ത സാഹചര്യത്തിൽ ഫലപ്രദമായി ഈ സംവിധാനം ഉപയോഗപ്പെടുത്താം.

കോളേജ് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയത് ടീം ബിജാസ് (ഫോൺ: സജിൻ ജോർജ് സോണി – 8078194032) ആണ്. ഹൈഡ്രോപോണിക്സ് കൃഷിയുടെ സമഗ്രമായ നിർവഹണത്തിന് സഹായകരമായ ഓട്ടോമാറ്റിക് സങ്കേതം. സെൻസറുകൾ ഐഒടി സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന സംവിധാനം. ഹൈഡ്രോപോണിക്സ് സംവിധാനം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സഹായിക്കും.

സ്റ്റാർട്ടപ്പ് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയത് ഡീപ് ഫ്ലോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (ഫോൺ: അത്രി ആനന്ദ് – 9895386159) ആണ്. മണ്ണ് ശാസ്ത്രീയമായി പരിപാലിക്കുന്നതിനും പാക്കേജ് ഓഫ് പ്രാക്ടീസ് അനുസരിച്ചുള്ള സമീകൃത വളപ്രയോഗത്തിനും സഹായിക്കുന്ന സങ്കേതം. മണ്ണിന്റെ വിവിധ സൂചകങ്ങൾ വിവരങ്ങൾ സെൻസറുകളുടെ സഹായത്തോടെ ശേഖരിച്ച് വിശകലനം ചെയ്യുന്നതിനും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനും കഴിയുന്നു. മണ്ണിന്റെ ഫലപ്രദമായ ഉപയോഗവും സംരക്ഷണവും പരിപാലനവും സാധ്യമാക്കുന്നതിന് കർഷകരെയും ഉദ്യോഗസ്ഥരെയും സഹായിക്കുന്നു.

പൊതു വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയത് ഫാം ഫ്ലയർ (ഫോൺ: എബിൻ കെ ജോൺ – 9961427615) ആണ്. നെല്ലിന്റെ പൊടി വിതയ്ക്ക് അനുയോജ്യമായ ഡ്രോൺ അധിഷ്ഠിത സാങ്കേതികവിദ്യ. ഡ്രോണിന്റെ സഹായത്തോടെ സീഡ് പെല്ലറ്റുകൾ നേരിട്ട് നെൽപ്പാടങ്ങളിൽ വിതയ്ക്കുവാനുള്ള സംവിധാനം തയ്യാറാക്കി. നിലവിലുള്ള മറ്റു മാർഗ്ഗങ്ങളേക്കാൾ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ. മനുഷ്യ വിഭവിശേഷി ലഭ്യമല്ലാത്ത അവസരത്തിലും മറ്റു പ്രതികൂല സാഹചര്യങ്ങളിലും സുഗമമായ വിത്തുകൾ സാധ്യമാക്കാം.

കോളേജ് വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയത് ഇന്നോവേറ്റീവ് അഗ്രോ സൊല്യൂഷൻ ലിമിറ്റഡ്(ഫോൺ: റിതുജ സുരേഷ് – 9072718041) ആണ്. വിവിധയിനം ആധുനിക സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സഹായത്തോടെ നെല്ലിലെ മുഞ്ഞ (BPH) എന്ന കീടത്തിന്റെ ആക്രമണത്തെ സംബന്ധിച്ച് മുൻകൂറായി കർഷകർക്കും, കൃഷി ഓഫീസർമാർക്കും വിവരം നൽകാൻ കഴിയുന്ന സംവിധാനം തയ്യാറാക്കി. പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യതയോടെ, ആവശ്യമായ സ്ഥലങ്ങളിൽ മാത്രം നൽകുന്നതിനും അതിലൂടെ, വിള സംരക്ഷണം, മികച്ച വിളവ്, കുറഞ്ഞ കീടപ്രതിരോധ ചെലവ് എന്നിവ പ്രാവർത്തികമാക്കാനും കഴിയും.

സ്റ്റാർട്ടപ്പ് വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയത് ടീം ഐവിസ്‌ (ഫോൺ: പ്രത്യാശ് ജെ ബിനു – 9846602003) ആണ്. കൃഷിയിടങ്ങളിലെത്തുന്ന വന്യമൃഗങ്ങളെ തിരിച്ചറിഞ്ഞ്, പ്രദേശവാസികൾക്കും കർഷകർക്കും മുന്നറിയിപ്പ് നൽകുന്ന സംവിധാനം തയ്യാറാക്കി. ജിയോ ഫെൻസിങ് ചെയ്ത കൃഷിയിടങ്ങളിൽ, മൃഗത്തിന്റെ സാനിധ്യവും സ്ഥാനവും തിരിച്ചറിഞ്ഞ് ശബ്ദ തരംഗങ്ങൾ പുറപ്പെടുവിച്ച് മൃഗങ്ങളെ അകറ്റുന്നതിന് സാധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ആനയുടെ ആക്രമണം ഫലപ്രദമായി തടയാൻ കഴിയും.

പൊതു വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയത് സിബ്.ലിംഗ്സ് (ഫോൺ: കിഷോർ വി ഗോപാൽ – 9188628722) ആണ്. ചക്ക വിളവെടുക്കുന്നതിനായി രൂപപ്പെടുത്തിയിട്ടുള്ള യന്ത്ര സംവിധാനം പ്ലാവിന്റെ ഉയരം അനുസരിച്ച് നിയന്ത്രിക്കാവുന്നതും, ചക്കയുടെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയുന്നതുമായ സംവിധാനം. ചക്ക വിളവെടുപ്പ് സുഗമവും കാര്യക്ഷമമാക്കുന്നതിനും ഇതുവഴി സാധിക്കും.

വൈഗ കാർഷിക പ്രദർശനത്തിന് സമാപനം

കേരളം കണ്ട ഏറ്റവും വലിയ കാർഷിക പ്രദർശനത്തിന് പുത്തരിക്കണ്ടത്ത് സമാപനം. കൃഷിവകുപ്പിന്റെ മൂല്യ വർദ്ധിത ആശയങ്ങളെ വിവിധ സ്റ്റാളുകളിൽ പ്രദർശിപ്പിച്ച് പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ വൈഗയിലൂടെ സാധിച്ചു. കൃഷിവകുപ്പിന്റെ മൂല്യ വർധിത ഉത്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന ‘കേരൾ അഗ്രോ’ ബ്രാൻഡ് സ്റ്റാളിൽ പരിചയപ്പെടുത്തി. സർക്കാർ – അർത്ഥ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളുടെതടക്കം കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്ന ആശയത്തിലുള്ള 250 ലധികം സ്റ്റാളുകളാണ് പ്രദർശന നഗരിയിൽ സജ്ജീകരിച്ചിരുന്നത്. ജമ്മു ആൻഡ് കാശ്മീർ, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ആസാം എന്നിവയുടെ സ്റ്റാളുകളും ജനപ്രിയമായവയാണ്. വിവിധ സംസ്ഥാനങ്ങൾ അവരുടെ ഭൗമസൂചിക പദവി ലഭിച്ച പ്രാദേശിക വിഭവങ്ങളുമായിട്ടാണ് വൈഗയെ വർണ്ണാഭമാക്കുവാൻ എത്തിയത്. കേരള കാർഷിക സർവകലാശാലയുടെ സ്റ്റാളുകൾ, ഹോർട്ടികോർപ് സ്റ്റാൾ, കേന്ദ്ര ഗവേഷണ കേന്ദ്രങ്ങളുടെ സ്റ്റാളുകൾ തുടങ്ങിയവ ജനങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയും രുചിയൂറും വിഭവങ്ങളാൽ സമ്പന്നവുമായിരുന്നു. കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ, വിജയഗാഥകൾ, ഭൗമസൂചകങ്ങൾ തുടങ്ങി കാർഷിക മേഖലയ്ക്ക് മൂല്യ വർധിത- വിപണന മേഖലകളിലേക്ക് വെളിച്ചം വീശുന്ന പ്രദർശനമാണ് സമാപിച്ചത്. കർഷകർക്കും സംരംഭകർക്കും തുടർ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന ഉറപ്പോടുകൂടിയാണ് വൈഗയ്ക്ക് തിരശ്ശീല വീഴുന്നത്.