താപതരംഗ സമാനമായ ചൂട്, ചുട്ടുപൊള്ളി രാജ്യം; കേരളത്തിന് ആശ്വാസമായി വേനൽമഴ എത്തിയേക്കും

പത്തനംതിട്ട∙ വരാൻ പോകുന്നതു കടുത്ത ചൂടും താപതരംഗവും നിറഞ്ഞ, മഴക്കുറവിന്റെ മൂന്നു മാസങ്ങൾ. ഈ മുന്നറിയിപ്പിൽ രാജ്യം പൊള്ളി നിൽക്കുമ്പോൾ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു നേരിയ കുളിരേകി കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണകാല പ്രവചനം.

ഞായറാഴ്ച വരെ വടക്കൻ കേരളത്തിൽ താപതരംഗ സമാനമായ ചൂട് അനുഭവപ്പെടും. വെള്ളിയാഴ്ച രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില വടക്കൻകേരളത്തിലും മംഗളൂരുവിലും മറ്റുമായിരുന്നു. കേരളത്തിൽ ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയിലുള്ള നൂറോളം ഓട്ടമാറ്റിക് താപമാപിനികളിൽ 48 എണ്ണത്തിലും വെള്ളിയാഴ്ച ഒരുമണിയോടെ താപനില 36 ഡിഗ്രി കടന്നു. കണ്ണൂർ ‍വിമാനത്താവളത്തിൽ 41. 3 ഡിഗ്രി ചൂട് രേഖപ്പെടുത്തി. എന്നാൽ കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പുറപ്പെടുവിച്ച കണക്കുകളിൽ ഇതു ചേർത്തിട്ടില്ല.

കേരളത്തിൽ ഞായറാഴ്ച നേരിയ വേനൽ മഴയ്ക്കു സാധ്യതയുണ്ട്. 10 വരെ ശരാശരി താപനില പതിവിലും 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കും. മാർച്ച് രണ്ടാം വാരത്തോടെ വേനൽമഴ ലഭിച്ചു തുടങ്ങുമെന്നാണു പ്രതീക്ഷ. ഏപ്രിൽ– മേയ് മാസങ്ങളിലും പൊള്ളുന്ന ചൂടിനു ശമനമേകി മഴ പെയ്തിറങ്ങുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിന്റെ (ഐഎംഡി) വിലയിരുത്തൽ.