ലൈംഗിക അതിക്രമം, കവർച്ച; പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്ഐയെ പിരിച്ചുവിട്ടു

തിരുവനന്തപുരം∙ പെൺവാണിഭത്തിനു കൂട്ടുനിന്ന എഎസ്ഐയെ പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറാണ് നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം, കവർച്ച, മദ്യപിച്ച് വാഹനമോടിക്കൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മുങ്ങൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് നേരത്തെ നടപടി നേരിട്ടിരുന്നു. ഇൻസ്പെക്ടറായിരുന്ന പി.ആർ.സുനു ഉൾപ്പെടെ ആറുപേരെ അടുത്തിടെ സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു സിഐമാരെയും വൈകാതെ പിരിച്ചുവിടും. പിരിച്ചുവിടുന്നതിന് ആകെ 90 പേരുടെ പട്ടികയാണ് ആഭ്യന്തര വകുപ്പ് പരിഗണിക്കുന്നത്.