നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി∙ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനിയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം പൂർത്തിയാക്കിയത്.

ന്യായമായ സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകാമെന്ന ജൂലൈ 13ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സുനി ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി സമയപരിധി നൽകിയെങ്കിലും കീഴ്‌ക്കോടതി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.കേസിന്റെ വിചാരണ വേളയിൽ പൾസർ സുനിയെ കോടതിയിൽ നേരിട്ടു ഹാജരാക്കുന്ന കാര്യം വിചാരണക്കോടതി ഉറപ്പാക്കണമെന്നു കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന പൾസർ സുനിയെ വിഡിയോ കോൺഫറൻസിലൂടെയാണു വിചാരണയ്ക്കു ഹാജരാക്കുന്നത്. വിചാരണ വേളയിൽ കോടതിയിൽ നേരിട്ടു ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. കേസിൽ 2017ൽ അറസ്റ്റിലായ പൾസർ സുനി, ആറു വർഷത്തോളമായി ജയിലിലാണ്.