കൊപ്ര സംഭരണം നിർത്തിവച്ചത് ഉടൻ പുനരാരംഭിക്കും

നാളികേര കർഷകർക്ക് ആശ്വാസമായി കൃഷി വകുപ്പിന്റെ ഇടപെടൽ. നിലവിൽ നിർത്തിവച്ചിരിക്കുന്ന കൊപ്രസംഭരണം ഉടൻ പുനരാരംഭിക്കും. കേരളത്തിൽ നിന്നും 50,000 മെട്രിക് ടൺ കൊപ്ര സംഭരിക്കാനുള്ള തീരുമാനമാണ് ആയിട്ടുള്ളത്. 2022 നവംബറിൽ നിർത്തിവച്ചിരുന്ന സംഭരണം പുനരാരംഭിക്കണമെന്നും, ഡിസംബർ മുതൽ പുതുക്കിയ നിരക്കിൽ കൊപ്ര സംഭരിക്കണമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിൽ പുതുക്കിയ നിരക്കായ 10860 രൂപയ്ക്കാണ് ഇനി സംഭരണം നടത്തുക. മുൻ നിരക്ക് 10590 രൂപയായിരുന്നു. നിലവിലെ വിപണി വിലയേക്കാൾ ഉയർന്ന നിരക്കിലാണ് താങ്ങുവില നിശ്ചയിച്ചിട്ടുള്ളത് എന്നതിനാൽ ഇത് നാളികേര കർഷകർക്ക് ഗുണം ചെയ്യും. 6 മാസത്തേക്കാണ് സംഭരണം നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നാഫെഡിന് (നാഷനൽ അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ) ലഭിച്ചിട്ടുണ്ട്.