കമ്പനികളുടെ പരസ്യം പതിച്ച കാരി ബാഗിന് വില ഈടാക്കാമോ?

കൊല്‍ക്കത്ത: പരസ്യം പതിച്ച കാരി ബാഗിന് നാലു രൂപ ഈടാക്കിയ ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍ നടപടിക്കെതിരെ നാലു വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ ഉപഭോക്താവിന് വിജയം.2019ല്‍ തെക്കന്‍ കൊല്‍ക്കത്തയിലെ സ്റ്റോറില്‍നിന്നു സാധനങ്ങള്‍ വാങ്ങിയിറങ്ങിയപ്പോള്‍ ബില്ലില്‍ നാലു രൂപ അധികം വന്നതിനെ സുരജിത് ഖന്ര ചോദ്യം ചെയ്തു.

അധികം വന്ന നാലു രൂപ കാരി ബാഗിന്റെ ചാര്‍ജ് ആണെന്നാണ് ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍ ജീവനക്കാര്‍ പറഞ്ഞത്. സ്റ്റോറിന്റെ പരസ്യം പതിച്ച ബാഗിന് പണം നല്‍കാനാവില്ലെന്ന് സുരജിത് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് സുരജിത് ഖന്ര കൊല്‍ക്കത്ത ജില്ലാ ഉപഭോക്തൃ ഫോറത്തിൽ കേസ് ഫയൽ ചെയ്തു. നാലു വര്‍ഷത്തെ നീണ്ട നിയമ യുദ്ധത്തിനൊടുവിൽ ഉപഭോക്താവായ സുരജിത് ഖന്രയ്ക്ക് അനുകൂലമായി കൊല്‍ക്കത്ത ജില്ലാ ഉപഭോക്തൃ ഫോറം കേസില്‍ വിധി പറഞ്ഞു.

സുരജിത് ബാഗ് കൊണ്ടുവന്നിരുന്നില്ലെന്നും അതിനാലാണ് കാരി ബാഗ് നല്‍കി പണം ഈടാക്കിയതെന്നും ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍ ഉപഭോക്തൃ ഫോറത്തെ അറിയിച്ചു. എന്നാല്‍ ഉപഭോക്താവിന് വേണ്ടാത്ത ബാഗ് അടിച്ചേല്‍പ്പിക്കാന്‍ സ്റ്റോറിനാവില്ലെന്നു ഫോറം ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ പ്ലാസ്റ്റിക് കാരി ബാഗ് നിരോധിച്ചിട്ടുണ്ടെന്നും അതിനാലാണ് കൂടുതല്‍ വിലയുള്ള ബാഗ് പണം ഈടാക്കി ഉപഭോക്താക്കള്‍ക്കു നല്‍കുന്നതെന്നും സ്‌റ്റോര്‍ അറിയിച്ചെങ്കിലും ഫോറം അംഗീകരിച്ചില്ല.