പൊലീസ് മുഖത്തടിച്ചു, മർദിച്ചു; മനോഹരന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

രാത്രി വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടികൂടിയ ആൾ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും. ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരനാണ് (53) ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചത്. രാത്രി ഒൻപതു മണിയോടെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എന്നാൽ മനോഹരനെ പൊലീസ് മർദിച്ചു എന്നാരോപിച്ച് സഹോദരൻ വിനോദ് ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ് . പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്സാക്ഷി വ്യക്തമാക്കി. പൊലീസുകാർക്ക് എതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മനോഹരന് മറ്റ് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരൻ വ്യക്തമാക്കി.മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുൻപിലാണ് മനോഹരൻ കുഴഞ്ഞുവീണതെന്നും ഹിൽപാലസ് പൊലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണെന്നും പൊലീസ് വാദിക്കുന്നു.