ഡയക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിലെ ഉദ്യോഗസ്ഥൻ നാലാം നിലയിലെ ഓഫീസ് കെട്ടിടത്തിൻ്റെ ജനലിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

രാജ്‌കോട്ട് : ശനിയാഴ്ച രാവിലെ 9.45 ന് രാജ്‌കോട്ട് റൂറൽ എസ്‍പിയുടെ ഓഫീസിന് എതിർവശത്തു സ്ഥിതി ചെയ്യുന്ന ഡിജിഎഫ് ടി ഓഫീസിലാണ് സംഭവം. ഡി ജി എഫ് ടി ജോയിൻ്റ് ഡയറക്ടർ ജാവ്‍രി മാൽ ബിഷ്ണോയി (44) ആണ് ജീവനൊടുക്കിയത്.കയറ്റുമതിക്കാരനിൽനിന്നു അഞ്ചു ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയ സംഭവത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ബിഷ്ണോയിയെ സിബിഐ സംഘം അറസ്റ്റു ചെയ്തിരുന്നു.

ഡിജിഎഫ് ടി ഓഫീസിൽ പരിശോധന നടക്കുന്നതിനിടെ ബിഷ്ണോയി നാലാം നിലയിലെ ഓഫീസ് കെട്ടിടത്തിൻ്റെ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.ഉടൻ തന്നെ രാജ്‌കോട്ടിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വ്യവസായി സിബിഐ യ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ സംഘം കേസെടുത്തു ബിഷ്ണോയിയെ കുടുക്കാൻ തന്ത്രം ഒരുക്കി.എൻഒസിക്കായി ബിഷ്ണോയി ഒൻപതു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായാണ് വ്യവസായി സിബിഐയ്ക്കു നൽകിയ പരാതിയിൽ പറയുന്നത്.

ഡിജിഎഫ് ടി ഓഫീസിലും ബിഷ്ണോയിയുടെ രാജ്‌കോട്ടിലെ വീട്ടിലുമടക്കം സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ ബിഷ്ണോയിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു രാജസ്ഥാൻ സ്വദേശിയായ സഹോദരൻ സഞ്ജയ് രംഗത്തെത്തി.സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഇടപെടണമെന്നും കൊലക്കുറ്റം ചുമത്തി സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.