ഉത്സവപ്പറമ്പിൽ മര്‍ദനമേറ്റ് ബിനീഷിന്റെ മരണം: കൊലപാതകമെന്ന് കുടുംബം

കോഴിക്കോട്∙ ഉത്സവപ്പറമ്പിൽ വച്ച് മർദനമേറ്റ് ചികിത്സയിൽ കഴിയവേ മരിച്ച കോഴിക്കോട് ബാലുശേരി സ്വദേശി ബിനീഷിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും തുടർന്നുള്ള പൊലീസ് അന്വേഷണം.

ബിനീഷിന്റേത് ആസൂത്രിത കൊലപാതകമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സഹോദരിമാരും ബന്ധുക്കളും. സംശയമുള്ള ആളുകളുടെ പേരുവിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബാലുശേരി പൊലീസ് അറിയിച്ചു.മാർച്ച് 27നാണ് കാരാട്ട് പാറ കരിയാത്തന്‍കോട്ടക്കൽ ക്ഷേത്രത്തിനു സമീപം ഗുരുതരമായി പരുക്കേറ്റ നിലയിൽ എരമംഗലം ഊളാൻ കുന്നുമ്മൽ സ്വദേശി ബിനീഷിനെ (44) കണ്ടെത്തിയത്. നാലു ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മരിച്ചു.