എല്ലാ സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കും, സുരക്ഷ വർധിപ്പിക്കും’: പൊലീസ് സംഘം ഡൽഹിയിൽ

കോഴിക്കോട്∙ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. പ്രതിയെന്നു സംശയിക്കുന്ന ഷാറൂഖ് സെയ്ഫി ഡല്‍ഹിയിലേക്കു പോയെന്നാണ് സൂചന.തുടർന്ന് ഒരു പൊലീസ് സംഘം കൂടി ഡല്‍ഹിയിലേക്കു തിരിച്ചു.

പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കുന്നതിനായി കേരളത്തില്‍നിന്നു റെയില്‍വേ പൊലീസ് സംഘം യുപിയിലെ ഗാസിയാബാദിലെത്തിയിട്ടുണ്ട്. ഷാറൂഖിന്റെ കുടുംബ പശ്ചാത്തലവും ഇയാൾക്കു മറ്റെന്തെങ്കിലും ക്രിമിനൽ പശ്ചാത്തലും ഉണ്ടോയെന്ന് അറിയാനാണു പൊലീസ് ശ്രമിക്കുന്നത്. ഏതെങ്കിലും തീവ്രസംഘംടനയുടെ ഭാഗമായി ഇയാൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു.അന്വേഷണപുരോഗതി വിലയിരുത്താന്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ ഉന്നതതലയോഗം കോഴിക്കോട്ട് ചേരുകയാണ്.  എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ആര്‍പിഎഫ് ഐജി പരിശോധന നടത്തി. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ശ്രമം തുടരുമെന്ന് ആർപിഎഫ് ഐജി ടി.എം.ഈശ്വരറാവു പറഞ്ഞു. എല്ലാ സ്റ്റേഷനുകളിലും സ്കാനറുകൾ സ്ഥാപിക്കും. പ്രതിയെ കണ്ടെത്താന്‍ പൊലീസുമായി സഹകരിച്ചു ശ്രമം തുടരുന്നുവെന്നും ഐജി പറഞ്ഞു. നിലവിൽ ജീവനക്കാരുടെ ക്ഷാമം ഉള്ളതിനാൽ എല്ലാ ട്രെയിനുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ക്ഷാമം സാങ്കേതിക വിദ്യയിലൂടെ മറികടക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി ആശുപത്രി വിട്ടു. ഒൻപതു പേരാണ് ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സ തേടിയത്. ഇന്നലെ ഒരാൾ ആശുപത്രി വിട്ടിരുന്നു. നിലവിൽ ഏഴു പേരാണ് ചികിത്സയിലുള്ളത്. ഇതിൽ നാലുപേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നു പേർ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 9.27ന് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിലെ യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഫറോക്കിലെത്തുന്നതിനു മുൻപു തന്നെ പ്രതി ട്രെയിനിലുണ്ടായിരുന്നുവെന്നാണു ദൃക്സാക്ഷിമൊഴി. കൈവശം രണ്ടു കുപ്പി പെട്രോൾ ഉണ്ടായിരുന്നുവെന്നും കുപ്പിയുടെ അടപ്പിൽ ദ്വാരങ്ങളുണ്ടായിരുന്നുവെന്നും പറയുന്നു. പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുന്നതുകണ്ട് യാത്രക്കാർ പരിഭ്രാന്തരായി മറ്റു കംപാർട്മെന്റുകളിലേക്ക‌ു ചിതറിയോടി. പിന്നീടാണ് കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.