യുവാവിനെയും സഹോദരിയെയും കമിതാക്കളെന്ന് ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് തല്ലി

മധ്യപ്രദേശിൽ യുവാവിനെയും സഹോദരിയെയും കമിതാക്കളെന്ന് ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് തല്ലി സാമൂഹിക വിരുദ്ധർ. മധ്യപ്രദേശിലെ ഖാന്ദ്വ ജില്ലയിലാണ് സംഭവം. ഇരുവരും സഹോദരങ്ങളാണെന്ന് യുവതിയുടെ ഭര്‍ത്താവ് നാട്ടുകാരെ ഫോണില്‍ വിളിച്ചു പറഞ്ഞെങ്കിലും അക്രമികള്‍ മര്‍ദ്ദനം നിര്‍ത്തിയില്ല.ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയുന്നത്.കലാവതി, സഹോദരന്‍ ജ്ഞാന്‍ ലാല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കലാവതിയെ കാണാന്‍ ഭര്‍തൃവീട്ടിലെത്തിയതായിരുന്നു ജ്ഞാന്‍ ലാല്‍. ഇരുവരും മുറ്റത്ത് സംസാരിച്ചിരിക്കെ നാട്ടുകാര്‍ ഇരുവരെയും പിടികൂടി മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. അക്രമികള്‍ക്കെതിരേ മര്‍ദ്ദനമേറ്റ സഹോദരങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ സമയം കലാവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു. വിവരം അറിഞ്ഞ അദ്ദേഹം ഗ്രാമീണരെ ഫോണില്‍ വിളിച്ച് സത്യാവസ്ഥ അറിയിച്ചെങ്കിലും അക്രമികള്‍ മര്‍ദ്ദനം നിര്‍ത്തിയില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് സഹോദരങ്ങളെ മോചിതരാക്കിയത്.