ചുംബന വിവാദം,ക്ഷമ ചോദിച്ചു് ദലൈലാമ

പൊതുപരിപാടിക്കിടെ ആലിംഗനം തേടിയെത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ കുട്ടിയോടും കുട്ടിയുടെ കുടുംബത്തോടും മാപ്പപേക്ഷിച്ചു ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ദലൈലാമയുടെ ട്വിറ്ററിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ചത്.

“അടുത്തിടെ നടന്ന ഒരു പരിപാടിയുടെ വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള നിരവധി സുഹൃത്തുക്കളോടും തൻ്റെ വാക്കുകൾ കൊണ്ടുണ്ടായ വേദനയ്ക്ക് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. പൊതുസ്ഥലത്തും ക്യാമറകൾക്ക് മുന്നിലും കണ്ടുമുട്ടുന്നവരെ നിഷ്കളങ്കമായും തമാശയായും കളിയാക്കാറുണ്ട്. സംഭവത്തിൽ ഖേദിക്കുന്നു”പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് 87 കാരനായ ദലൈലാമ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.പൊതുപരിപാടിക്കിടെ ആലിംഗനം തേടിയെത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിച്ച ദലൈലാമ കുട്ടിയുടെ നെറ്റിയിൽ സ്പർശിക്കുന്നതും തൻ്റെ നാവിൽ നക്കാൻ കഴിയുമോ എന്നു ചോദിക്കുന്നതും വീഡിയോയിൽ കാണാം.ദലൈലാമയുടെ പ്രവർത്തി വെറുപ്പുളവാക്കുന്നതാണെന്നും നീതികരിക്കാനാകാത്ത കാര്യമാണെന്നും അദ്ദേഹത്തെ അറസ്റ്റു ചെയ്യണമെന്നും വിമർശനം ഉയർന്നിരുന്നു.

തൻ്റെ പിൻഗാമി ഒരു സ്ത്രീ ആയിരുന്നെങ്കിൽ അവൾ കൂടുതൽ ആകർഷണീയത ഉള്ളവളാകണമെന്ന ദലൈലാമയുടെ പരാമർശം ഇതിനുമുൻപും വിവാദമായിരുന്നു