നീലേശ്വരത്ത് റിസോര്‍ട്ടില്‍ വൻ തീപിടിത്തം പടക്കംവീണതിനെ തുടർന്നാണ് തീപടര്‍ന്നതെന്നാണ് സംശയം.

കാസര്‍കോട്∙ നീലേശ്വരത്ത് റിസോര്‍ട്ടില്‍ വൻ തീപിടിത്തം. ഓലമേഞ്ഞ കെട്ടിടത്തിനു മുകളില്‍ പടക്കംവീണതിനെ തുടർന്നാണ് തീപടര്‍ന്നതെന്നാണ് സംശയം. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഇന്നു പുലർച്ചെ അഞ്ച് മണിയോടെയാണ് റിസോർട്ടിൽ തീപടർന്നത്. അപകടത്തിൽ ആളപായമില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പടക്കം വീണതിനെ തുടർന്നാണ് ഇവിടെ തീപടർന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. റിസോർട്ടിന്റെ ഓഫിസിനു മുകളിലാണ് പടക്കം വന്നു വീണത്. ഇത് ഓലമേഞ്ഞ കെട്ടിടമാണ്. അവിടെനിന്ന് റിസോർട്ടിന്റെ മറ്റു ഭാഗങ്ങളിലേക്കും തീ പടരുകയായിരുന്നു.ഓഫിസ് പൂർണമായും കത്തിനശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന കംപ്യൂട്ടറും പണവും ഉൾപ്പെടെ അഗ്നിക്കിരയായി. തീപിടിത്തമുണ്ടായതിനു തൊട്ടുപിന്നാലെ റിസോർട്ടിലെ സന്ദർശകരെ മാറ്റിയിരുന്നു.