പന്ത്രണ്ടുവയസുകാരന്റെ കൊലപാതകം: ഒരു മാസത്തിലേറെ നീണ്ട ആസൂത്രണം

കോഴിക്കോട് ∙ കൊയിലാണ്ടിയിൽ 12 വയസ്സുള്ള കുട്ടിയെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഇന്ന് ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതി താഹിറയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം കോഴിക്കോട് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കൊലപാതകത്തില്‍ ഒരു മാസത്തിലേറെ നീണ്ട ആസൂത്രണം നടന്നു എന്നാണ് കണ്ടെത്തല്‍.

ഏപ്രിൽ 17നാണ് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ രിഫായി കൊല്ലപ്പെടുന്നത്. പിതാവിന്റെ സഹോദരി താഹിറ ഐസ്ക്രീമിൽ എലിവിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ച സംഭവം പിന്നീട് കൊലപാതകമാണെന്നു തെളിഞ്ഞു. മാരക രാസവസ്തുവാണ് കുട്ടിയുടെ വയറ്റിലെത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. അരിക്കുളത്തെ അതേ കടയിൽ നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ച മറ്റാർക്കും പ്രശ്‌നങ്ങൾ ഉണ്ടായില്ല എന്നതും സംശയം വർധിപ്പിച്ചു. ഐസ്‌ക്രീമിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത രാസവസ്തുവാണ് മരിച്ച അഹമ്മദ് ഹസൻ റിഫായിയുടെ ഉള്ളിൽചെന്നത്. മനഃപൂർവം ചേർക്കാതെ ഇത് ഒരിക്കലും ഐസ്‌ക്രീമിൽ എത്തില്ല. ഈ സാഹചര്യത്തിലാണ് വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയത്. മരിച്ച കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയെ ആദ്യഘട്ട ചോദ്യം ചെയ്യലിൽ തന്നെ പൊലീസിനു സംശയമുണ്ടായിരുന്നു. ഇവരാണ് കുട്ടി കഴിച്ച ഐസ്‌ക്രീം അരിക്കുളത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയത്.താഹിറ നൽകിയ മൊഴിയിലെ വൈരുധ്യമാണ് പൊലീസിനു പ്രതിയിലേക്കുള്ള യാത്ര എളുപ്പമാക്കിയത്. ലൈബ്രറി സയൻസ് ബിരുദധാരിയായ താഹിറ പേസ്റ്റ് രൂപത്തിലുള്ള എലി വിഷത്തെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈലിൽ സെർച് ചെയ്തതു പൊലീസ് കണ്ടെത്തിയിരുന്നു. ഐസ്‌ക്രീം വാങ്ങിയ ശേഷം താൻ നേരെ സഹോദരൻ മുഹമ്മദലിയുടെ വീട്ടിലേക്ക് പോയി എന്നാണ് താഹിറ പൊലീസിന് മൊഴി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോൾ അത് കള്ളമാണെന്നു വ്യക്തമായി.

ഐസ്‌ക്രീം വാങ്ങി സ്വന്തം തറവാട്ടു വീട്ടിലേക്ക് പോയ താഹിറ അരമണിക്കൂറോളം കഴിഞ്ഞാണ് അവിടെ നിന്ന് മുഹമ്മദലിയുടെ വീട്ടിലേക്ക് പോയത്. ഒടുവിൽ കുറ്റം സമ്മതിച്ച താഹിറ സഹോദരന്റെ ഭാര്യയോടുള്ള മുൻ വൈരാഗ്യമാണ് ഇത് ചെയ്യാൻ കാരണമെന്നു തുറന്നു പറഞ്ഞു. താഹിറ വാങ്ങി നൽകിയ ഐസ്‌ക്രീം രിഫായി മാത്രമാണ് കഴിച്ചത്. മാതാവും 2 സഹോദരങ്ങളും ഈ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്.

പ്രതി താഹിറയ്ക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പൊലീസ് പറയുന്നു.